ജാമ്യം തേടി എം.ശിവശങ്കര്‍ സുപ്രിംകോടതിയില്‍; ലൈഫ് മിഷന്‍ പദ്ധതിയില്‍ ബന്ധമില്ലെന്ന് വാദം

ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സുപ്രിംകോടതിയില്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പദ്ധതിക്കായി യുണിടാക്കിനെ തെരഞ്ഞെടുത്തതില്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ യുഎഇ കോണ്‍സുലേറ്റിന്റേതാണെന്നും ഹര്‍ജിയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.

തന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെല്ലാം തള്ളുകയാണ് ശിവശങ്കര്‍. ആരോപണങ്ങളെല്ലാം തന്റെ മേല്‍ കെട്ടിവയ്ക്കുകയാണ്. വസ്തുതാപരമായ പരിശോധനകള്‍ നടത്തുകയോ വാദങ്ങള്‍ പൂര്‍ണമായി കേള്‍ക്കുകയോ ചെയ്താല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. ഇനിയും ജയിലില്‍ തുടര്‍ന്നാല്‍ അത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്നാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നത്.

താന്‍ സമര്‍പ്പിച്ച കാര്യങ്ങളെയും രേഖകളെയുമെല്ലാം മുന്‍വിധിയോടുകൂടി സമീപിച്ചുവെന്നാണ് ശിവശങ്കറിന്റെ വാദം. നല്‍കിയ രേഖകള്‍ പരിശോധിച്ചാല്‍ പുറത്തുള്ളവരാണ് ആക്ഷേപങ്ങള്‍ക്ക് പാത്രമാകുക. യുഎഇ എംബസി അടക്കം ആ പട്ടികയില്‍ വരും. എന്നാല്‍ തന്റെ മേല്‍ മാത്രമാണ് കുറ്റം ചാരുന്ന നിലപാടെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.