മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നു; കർശന നടപടി; മുഖ്യമന്ത്രി
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു.2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മാലിന്യ സംസ്കരണത്തിൽ നവീന സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5-ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.2016 മുതൽ മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവയ്പ്പുകൾ നടത്തുകയാണ്. അതിൽ ഹരിത കേരള മിഷൻ ഏറ്റവും ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ പ്ലാന്റുകൾക്കെതിരായ സമരങ്ങൾ ദുരനുഭവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്ത സഭകളാക്കി പ്രഖ്യാപിക്കാൻ കഴിയണം. മുഴുവൻ ഓഫീസുകളും മാലിന്യ മുക്തമാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. മാലിന്യ സംസ്കരണത്തിൽ എല്ലാ വകുപ്പുകളും അവരവരുടെ പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.