എഐ ക്യാമറ ഇടപാട്; മുഖ്യമന്ത്രി മൗനം വെടിയണം; പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണ്; വി ഡി സതീശൻ
എഐ ക്യാമറ അഴിമതിയിൽ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ, കെൽട്രോൺ, എസ്ആർഐടി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. എസ്റ്റിമേറ്റ് തയാറാക്കിയതിലാണ് ആദ്യ ഗൂഢാലോചന നടന്നത്. ഉപകരാർ പാടില്ലെന്നാണ് ടെണ്ടർ വ്യവസ്ഥകൾ. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയാണ്.
ആരോപണ വിധേയനായ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കൂടുതൽ രേഖകൾ അദ്ദേഹം പുറത്തുവിട്ടു. കെൽട്രോണും എസ്ആർഐടിയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. കെൽട്രോൺ അറിയാത്ത മറ്റ് കമ്പനികളുടെയും ഉപകരാർ വിവരങ്ങൾ പുറത്തുവിട്ടു.
മുഖ്യമന്ത്രി മൗനം വെടിയണം. അദ്ദേഹത്തിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ അഴിമതി മുൻനിർത്തി ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ആക്ഷേപം ആരും നിഷേധിക്കുന്നില്ല. ആദ്യം മുന്നോട്ട് വന്ന വ്യവസായ മന്ത്രിയെ പിന്നെ കണ്ടിട്ടില്ല. പ്രതിപക്ഷം പുറത്തുവിട്ട രേഖകൾ ഔദ്യോഗിക രേഖകളാണെന്ന് സമ്മതിച്ചില്ലെ എന്നും സതീശൻ ചോദിച്ചു.