ഒരുക്കങ്ങൾ പൂർത്തിയായി: എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്ക് തിങ്കളാഴ്ച പൊന്നാനിയിൽ തുടക്കം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മെയ് എട്ട് മുതൽ 14 വരെ പൊന്നാനി എ.വി. സ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ (മെയ് എട്ടിന് തിങ്കളാഴ്ച) വൈകീട്ട് 4.30ന് കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊന്നാനി നഗരസഭാ അധ്യക്ഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ സ്വാഗതം പറയും.

 

മലപ്പുറത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളക്കാണ് പൊന്നാനിയിൽ അരങ്ങൊരുങ്ങുന്നത്. 200 ലധികം സ്റ്റാളുകളും വ്യത്യസ്തമായ കലാപരിപാടികളും സെമിനാറുകളും മേളയുടെ മാറ്റ് വർധിപ്പിക്കും. പൊന്നാനിയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പ്രദർശന മേളയുടെ കവാടം തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പ്രായക്കാരെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലാണ് പ്രദർശന സ്റ്റാളുകൾ. 42,000 ചതുരശ്ര അടിയിൽ ശീതീകരിച്ച ജർമ്മൻ ഹാംഗറിലും 20,000ത്തിലധികം ചതുരശ്ര അടിയിലുള്ള നോൺ എ.സി ഹാംഗറിലുമായി 66 സർക്കാർ വകുപ്പുകളുടെ 110 തീം- സർവീസ് സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ 125 വിപണന യൂണിറ്റുകൾ എന്നിവ സജ്ജീകരിക്കും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ 35 ഉ ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുടെ 90 സ്റ്റാളുകളുമാണ് സജ്ജീകരിക്കുന്നത്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള നടക്കും. എഞ്ചിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ ടെക്നോ ഡെമോ, സ്പോർട്സ് കൗൺസിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സ്പോർട്സ്- ചിൽഡ്രൻസ് സോണുകൾ ഉണ്ടാകും. വിവിധ വകുപ്പുകളുടെ 12 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. കിഫ്ബിക്കു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷനാണ് ഹാംഗറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നത്.

 

എന്റെ കേരളം, കേരളം ഒന്നാമത് എന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാളാണ് ഒന്നാമതായി സജ്ജീകരിച്ചിരിക്കുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെ നേർചിത്രം ഇവിടെ കാണാം. ചിത്രങ്ങൾക്ക് താഴെയുള്ള ഡിജിറ്റൽ സ്‌ക്രീനിൽ വികസനനേട്ടങ്ങളുടെ വിശദാംശങ്ങളറിയാം. എന്റെ കേരളം പ്രദർശനം കഴിഞ്ഞാൽ അടുത്തതായി സജ്ജീകരിച്ചിരിക്കുന്നത് ടൂറിസം വകുപ്പിന്റെ സ്റ്റാളാണ്. ആരെയും ആകർഷിക്കുന്ന കേരളത്തിന്റെ പ്രകൃതി ഭംഗിയും ടൂറിസം രംഗത്തെ നേട്ടവുമെല്ലാം ഇവിടെ കാണാം. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകളും വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭിക്കും. കേരളത്തിന്റെ വികസന സാധ്യതകൾ ചിത്രീകരിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ പ്രധാന ശ്രദ്ധാ കേന്ദ്രമാകും. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശന ഹാളിലേക്ക് പ്രവേശനം.

 

വിവിധ സർക്കാർ സേവനങ്ങളാണ് മേളയുടെ മറ്റൊരു ആകർഷണം. ആധാർ വിവരങ്ങൾ പുതുക്കാനും തെറ്റ് തിരുത്താനും ഇവിടെ അവസരമുണ്ടാവും. സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനായി ഐ.ടി മിഷന്റെ നേതൃത്വത്തിൽ വിപുലമായ സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെയും മറ്റു വിവിധ സർക്കാർ വകുപ്പുകളുടെയും ഓൺലൈൻ ഓഫ്ലൈൻ സേവനങ്ങൾ മേളയിലുണ്ടാവും.