നോട്ടീസിൽ ചിത്രം വെച്ചാലും പ്രശ്നം, ആശയകുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്ക്കരണ നോട്ടീസിലും നിയമക്കുരുക്കും തലവേദനയും തീരാതെ മോട്ടോര്‍ വാഹന വകുപ്പ്.

 

പിടികൂടുന്നവര്‍ക്കയക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസില്‍, ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പതിക്കേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടീസ് നല്‍കിയാല്‍ മോട്ടര്‍ വാഹന നിയമപ്രകാരം പിഴയീടാക്കേണ്ടിവരും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ഒഴിവാക്കുന്നത്.

 

ബോധവത്ക്കരണമില്ലാതെ പിഴയീടാക്കുന്നതില്‍ നിന്ന് യുടേണ്‍ എടുത്ത് തുടങ്ങിയതാണ് എംവിഡി. ഇപ്പോള്‍ ഒന്നിനു പുറകെ ഒന്നായി നിയമപ്രശ്നങ്ങളില്‍ കുരുങ്ങി നില്‍ക്കുന്നത്. മെയ് 20 വരെ പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് മാത്രമായി അയയ്ക്കാന്‍ തീരുമാനിച്ചപ്പോഴാണ് പ്രശ്നം തലപൊക്കുന്നത്. ഏറ്റവും ഒടുവില്‍ തീരുമാനിച്ചത് പ്രകാരം കാമറയില്‍ പതിഞ്ഞ ഫോട്ടോ പതിച്ച മുന്നറിയിപ്പ് നോട്ടീസ് അയച്ചാല്‍, നിയമപ്രകാരം പിഴ ചുമത്തി തുടര്‍നടപടി എടുക്കണം. ഇല്ലെങ്കില്‍, നിയമലംഘനം തെളിവുസഹിതം ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന നിയമപ്രശ്നം ഉയര്‍ന്നുവരും. ഇതോടെയാണ് ഫോട്ടോ ഒഴിവാക്കി നോട്ടീസ് അയയ്ക്കാനുള്ള തീരുമാനം.

 

നേരത്തെ, പരിവാഹന്‍ സോഫ്റ്റ്‍വെയര്‍ വഴി എസ്‌എംഎസ് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചപ്പോഴും ഇതേ പ്രശ്നം കാരണമാണ് ഒഴിവാക്കേണ്ടി വന്നത്. ഒടുവില്‍ നോട്ടീസ് അയയ്ക്കാന്‍ ധാരണയായപ്പോഴാണ് ചെലവ് ആരുവഹിക്കുമെന്ന തര്‍ക്കമായത്. ചെലവ് ഗതാഗത വകുപ്പ് ഏറ്റെടുത്തതോടെയാണ് നോട്ടീസ് അയച്ചു തുടങ്ങുന്നത്. അതും നിയമപ്രശ്നങ്ങളില്‍ ചുറ്റിത്തിരിയുകയാണ്.