പൊന്നാനി കർമ്മാ റോഡിൽ സുരക്ഷയൊരുക്കാതെ ഓടുന്നത് നിരവധി ബോട്ടുകൾ; കരുതില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തം; നടപടിക്കൊരുങ്ങി അധികൃതർ

പൊന്നാനി: താനൂർ ഒട്ടുംപുറം ബോട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കർമ്മ റോഡിലും സുരക്ഷ കക്കശമാക്കാനൊരുങ്ങി അധികൃതർ. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇവിടെ ഓടുന്നത് നിരവധി വിനോദ സഞ്ചാര ബോട്ടുകളാണ്. നിയന്ത്രണമില്ലാതെ കുട്ടികളെയും സ്ത്രീകളെയും കുത്തി നിറച്ച് സമയം ഇരുട്ടിയാലും ബോട്ടുകൾ ഓടുന്നത് ഈ അവധിക്കാലത്ത് കർമ്മ റോഡിലെ പതിവ് കാഴ്ചയാണ്.

ബോട്ടുകളുടെ ലൈസൻസ് സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല. ലൈസൻസ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാനാണ് തീരുമാനം. താനൂരിന് സമാനമായി മത്സ്യ ബന്ധന ബോട്ട് രൂപം മാറ്റിയും ഇവിടെ ഓടുന്നുണ്ട്. രണ്ട് തട്ടുകളിലായുള്ള ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് പോലും നൽകാതെയാണ് ആളുകളെ നിറച്ച് ഓടുന്നത്. നാട്ടുകാർ ഇതിനെതിരെ മുമ്പും പരാതിപ്പെട്ടിരുന്നു. താനൂർ അപകടം സംഭവിച്ച ഉടനെ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ടുകൾ കർമ്മാറോഡിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ആഘോഷ ദിവസങ്ങളിൽ ജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെടുമ്പോഴെല്ലാം ബോട്ടുകളുടെ എണ്ണവും വർദ്ധിക്കാറുണ്ട്. ഇതും തികയാതെ വരും. ഈ സമയങ്ങളിലെല്ലാം നിലവിലെ ബോട്ടുകൾക്കു പുറമെ താൽക്കാലിക ബോട്ടുകളിലും മൂന്നോ നാലോ ഇരട്ടി ആളുകളെ നിറച്ചുമാണ് ഓടുന്നത്. ഇത് ദുരന്തത്തെ മാടി വിളിക്കുകയാണ്. രാത്രി സമയങ്ങളിൽ ഇപ്പോഴും കർമ്മാറോഡിൽ തെരുവ് വിളക്കു പോലുമില്ല. നിരവധി വികസന ടൂറിസം പദ്ധതികൾ ഇവിടേക്ക് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. ഉള്ള സംവിധാനങ്ങളാകട്ടെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതുമാണ്. തൊട്ടടുത്ത പ്രദേശമായ താനൂരിൽ അപകടമുണ്ടാകുന്നത് വരെ കർമ്മ റോഡും ഉദ്യോഗസ്ഥ ജനപ്രതിനിധികൾ കണ്ണടച്ചു.

മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും വേഗത്തിൽ വളർന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് പൊന്നാനി കർമ്മാറോഡ്. കടലിലേക്ക് ചേർന്നൊഴുകുന്ന ഭാരതപ്പുഴയും പരന്നൊഴുകുന്ന കായലും ദൈർഘ്യമേറിയ പുഴയോരപാതയുമാണ് കർമ്മാറോഡ് ടൂറിസത്തിൻ്റെ പ്രത്യേകത. ഏറ്റവും കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം കൂടിയാണ് കർമ്മ റോഡ്. പൊന്നാനി ഹാർബറുമായി കർമ്മ റോഡിനെ ബന്ധിപ്പിക്കുന്ന പാലം തുറന്നതോടെ ടൂറിസത്തിന് ഏറെ സാധ്യതയാണ് തുറന്നിരിക്കുന്നത്. ദിനംപ്രതി നിരവധി കുടുംബങ്ങൾ എത്തുന്ന ഇവിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ സർക്കാറും ബന്ധപ്പെട്ട അധികൃതരും ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.