14 വർഷമായിട്ടും വിചാരണ തുടങ്ങാതെ തേക്കടി ബോട്ട് ദുരന്തം

തൊടുപുഴ: 14 വര്‍ഷം മുമ്ബ് തേക്കടിയില്‍ നടന്ന ബോട്ട് ദുരന്തം ഇന്നും കേരളത്തിന്‍റെ നടുക്കമായി ശേഷിക്കുമ്ബോള്‍ കേസില്‍ വിചാരണ ആരംഭിക്കാനോ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഇനിയും കഴിഞ്ഞിട്ടില്ല.ഓരോ ദുരന്തത്തിന് പിന്നാലെയും അധികൃതര്‍ പ്രഖ്യാപിക്കുന്ന നടപടികളും അന്വേഷണവും പിന്നീട് പ്രഹസനമാകുന്നതിന്‍റെ മറ്റൊരു ഉദാഹരണമായി ഈ കേസും.

 

2009 സെപ്റ്റംബര്‍ 30നാണ് കെ.ടി.ഡി.സിയുടെ ഇരുനില ബോട്ട് ‘ജലകന്യക’ തേക്കടി തടാകത്തില്‍ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 82 വിനോദസഞ്ചാരികളില്‍ ഏഴ് കുട്ടികളും 23 സ്ത്രീകളുമടക്കം 45 പേര്‍ മരിച്ചു. ആന്ധ്ര, ഹരിയാന, തമിഴ്നാട്, ന്യൂഡല്‍ഹി, പശ്ചിമബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ മരിച്ചത്. സര്‍വിസ് ആരംഭിച്ച്‌ 45ാം ദിവസമായിരുന്നു അപകടം. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്‍റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമീഷനും എസ്.പി പി.എ. വത്സന്‍റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചും ദുരന്തത്തെക്കുറിച്ച്‌ അന്വേഷിച്ചു. മൊയ്തീന്‍കുഞ്ഞ് കമീഷന്‍ 2011ആഗസ്റ്റ് 25ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 

ടൂറിസം വകുപ്പ് എം.ഡി, ഡയറക്ടര്‍, ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍, ബോട്ട് ഡിസൈനര്‍, ഡ്രൈവര്‍, ലാസ്കര്‍, സൂപ്പര്‍വൈസര്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എന്നിവര്‍ കുറ്റക്കാരാണെന്നായിരുന്നു കമീഷന്‍ കണ്ടെത്തല്‍. ബോട്ട് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചതുമുതല്‍ നീറ്റിലിറക്കുന്നതുവരെ 22 വീഴ്ചകള്‍ സംഭവിച്ചതായി 235 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

 

ബോട്ട് തേക്കടിയില്‍ എത്തിച്ച ശേഷം അനധികൃതമായി കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതും നിലവാരം പരിശോധിക്കാതെ നീറ്റിലിറക്കിയതും മുകള്‍ നിലയില്‍ അധികമായി ആളുകളെ കുത്തിനിറച്ചതും ദുരന്തത്തിന് കാരണമായി. എസ്.പി വത്സന്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രം കോടതി തള്ളി. കെ.ടി.ഡി.സിയുടെയും ടൂറിസം വകുപ്പിന്‍റെയും പങ്ക് അന്വേഷിക്കാത്തതില്‍ സംശയം പ്രകടിപ്പിച്ച കോടതി, തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.