‘എന്റെ കേരളം’ പ്രദർശന- വിപണന മേളയ്ക്ക് പൊന്നാനിയിൽ തുടക്കമായി
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. താനൂർ ബോട്ട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗനപ്രാർത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. പി. നന്ദകുമാർ എം.എൽ.എ എക്‌സിബിഷൻ പവലിയൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ചടങ്ങിൽ പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല, നഗരസഭാ കൗൺസിലർ ശ്രീകല ചന്ദ്രൻ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര എന്നിവർ സംസാരിച്ചു. ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ‘കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധനയും സംസ്‌കരണവും’ എന്ന വിഷയത്തിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘കുടംബശ്രീ: സ്ത്രീ ശാക്തീകരണത്തിന്റെ കാൽ നൂറ്റാണ്ട്’ എന്ന വിഷയത്തിലും സെമിനാർ നടന്നു. കലാഭവൻ അഷ്റഫും സംഘത്തിന്റെയും മിമിക്സ് ജോക്സ്, ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടന്നു.
ഇന്ന് (മെയ് 11) രാവിലെ ‘ജൽ ജീവൻ മിഷൻ: ജലഗുണനിലവാര മാനദണ്ഡങ്ങളും പ്രാധാന്യവും’ വിഷയത്തിൽ കേരള ജല അതോറിറ്റിയുടെയും ഉച്ചയ്ക്ക് 2.30ന് ആയുർവേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും സെമിനാറുകൾ നടക്കും. വൈകീട്ട് 4.30ന് സൂര്യപുത്രൻ നൃത്തശിൽപ്പവും വൈകീട്ട് ഏഴിന് ഉണർവ്വ് നാട്ടുത്സവം- നാടൻപാട്ടും തനതു കലാരൂപങ്ങളുടെ അവതരണവും നടക്കും. മെയ് 16ന് ഗസൽ മാന്ത്രികൻ ഷഹബാസ് അമൻ നയിക്കുന്ന സംഗീത നിശയോടെയാണ് മേള സമാപിക്കുക.
സർക്കാർ സേവനങ്ങൾ, പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിലെ പ്രധാന ഇനം. 66 സർക്കാർ വകുപ്പുകളുടെ 110 തീം- സർവീസ് സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ 125 വിപണന യൂണിറ്റുകൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാരെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലാണ് പ്രദർശന സ്റ്റാളുകൾ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ 35ഉം ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുടെ 90 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഭക്ഷ്യമേളയും നടക്കുന്നുണ്ട്. എൻജിനീയറിങ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ ടെക്‌നോ ഡെമോ, സ്‌പോർട്‌സ് കൗൺസിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സ്‌പോർട്‌സ്- ചിൽഡ്രൻസ് സോണുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശന ഹാളിലേക്ക് പ്രവേശനം. മേളയുടെ ഭാഗമായി എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാർ അണി നിരക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ, വിവിധ വകുപ്പുകളുടെ സെമിനാറുകൾ എന്നിവയും നടക്കും.