ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക് സുപ്രിം കോടതി

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് പാക് സുപ്രിം കോടതി. ഇമ്രാൻ ഖാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് പാക് സുപ്രിംകോടതി ഉത്തരവിട്ടു. ഇസ്ലാമാബാദ് കോടതി വളപ്പിൽ നിന്നാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ആരെയും കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരേ ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

നിയമവിരുദ്ധമായി കോടതി വളപ്പില്‍ നൂറോളം സൈനികര്‍ കടന്നുകയറിയാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും അവര്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കോടതി അലക്ഷ്യമാണ് ഈ നടപടിയെന്നും ഇമ്രാന്റെ അഭിഭാഷകന്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന കാര്യം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അഴിമതി കേസില്‍ വ്യാഴാഴ്ചയാണ് ഇമ്രാന്‍ ഖാനെ അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്‌സ് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പില്‍നിന്ന് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ മാലിക് റിയാസ് എന്ന വസ്തുക്കച്ചവടഭീമനില്‍നിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഇമ്രാന്റെ അറസ്റ്റ് ചൊവ്വാഴ്ച രാത്രി ഇസ്ലാമാബാദ് ഹൈക്കോടതി ശരിവെച്ചിരുന്നു.