‘സുഡാനിൽ കുടുങ്ങിയ ഗോത്രവർഗക്കാരുടെ ജീവൻ അപകടപ്പെടുത്തി’; കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ആദിവാസികളുടെ ജീവൻ കോൺഗ്രസ് അപകടത്തിലാക്കുന്നുവെന്നാണ് ആരോപണം. ബുധനാഴ്ച രാജസ്ഥാനിലെ അബു റോഡിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി ആരോപണം ഉന്നയിച്ചത്.
സുഡാൻ വിഷയം കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുന്നു. കർണാടക തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷം സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ‘ഹാകി പിക്കി’ ഗോത്രവർഗക്കാരുടെ ജീവൻ പണയപ്പെടുത്തുകയാണ്. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി സർക്കാരിന് ഏത് പരിധിയും മറികടക്കാമെന്നും മോദി പറഞ്ഞു.
“കർണ്ണാടകയിൽ നിന്നുള്ള ‘ഹക്കി പിക്കി’ ഗോത്രത്തിൽപ്പെട്ട ചിലർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ നാട്ടിൽ എത്തിക്കാൻ ബിജെപി സർക്കാർ പരിശ്രമിക്കുമ്പോൾ, തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് ഒരു കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മാത്രമല്ല ഗോത്രവർഗക്കാരുടെ ജീവൻ തന്നെ കോൺഗ്രസ് അപകടപ്പെടുത്തുന്നു”- മൗണ്ട് അബുവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
“ഈ സമുദായത്തിലെ ചിലരെങ്കിലും സുഡാനിൽ കൊല്ലപ്പെടുമെന്നും ഇത് വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നും കോൺഗ്രസ് കരുതി. എന്നാൽ ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി മോദിക്ക് ഏത് പരിധിയും മറികടക്കാൻ കഴിയുമെന്ന് കോൺഗ്രസ് മറന്നു.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.