കൊച്ചിക്ക് സമീപം ആഴക്കടലിൽ നിന്ന് പിടികൂടിയത് 15000 കോടി വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത്; അറിയാം അപകടകാരിയായ ഈ ലഹരിയപ്പറ്റി
രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്രിസ്റ്റൽ മെത്ത് മയക്കുമരുന്ന് വേട്ട നടത്തി നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻസിബി). കൊച്ചിക്ക് സമീപം ആഴക്കടലിൽ നിന്നും പിടികൂടിയ 2500 കിലോയിലധികം തൂക്കമുള്ള മാരക രാസവസ്തുവായ ക്രിസ്റ്റൽ മെത്തിന്റെ വിപണിമൂല്യം 15000 കോടി രൂപയാണ്. സമുദ്രഗുപ്ത് എന്ന പേരിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ എൻസിബിക്ക് ഒപ്പം ഇന്ത്യൻ നേവിയും പങ്കെടുത്തു. സംഭവത്തിൽ പാകിസ്ഥാൻ സ്വദേശിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിലായി. മയക്കുമരുന്നിന്റെ വലിയ ചാക്കുകൾക്ക് പുറത്ത് പാകിസ്ഥാൻ മുദ്രകളും രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും വിതരണത്തിന് എത്തിച്ചതാണ് മയക്കുമരുന്നെന്ന് സംശയിക്കുന്നു.
പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നാണ് ക്രിസ്റ്റൽ മെത്ത്. മണിക്കൂറുകളോളം പ്രവർത്തിക്കുന്ന പാർട്ടികളിലും മറ്റും ദീർഘ നേരം സജീവമായിരിക്കാനാണ് ഈ ഡ്രഗ് ഉപയോഗിക്കുന്നത്. കൂടാതെ, തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും അമിതമായ ലൈംഗിക താല്പര്യം ഉണ്ടാകാൻ സഹായിക്കുന്നു എന്ന നിലക്കാണ് ഈ ലഹരിമരുന്നിന് ആവശ്യക്കാർ ഏറെയുള്ളത്. തലച്ചോറിനെ ബാധിക്കുന്ന ഈ ലഹരി മരുന്ന് ഉപയോഗിക്കുന്ന വ്യക്തികൾക്ക് കടുത്ത ആനന്ദം പ്രധാനം ചെയ്യും.
എന്നാൽ, പുറകെ ഈ ലഹരി ഉപയോഗിക്കുന്നവരെ തകർത്ത് തുടങ്ങും. ഉപയോഗിക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ താപനില അമിതമായി ഉയരും. പുറകെ, വിഷാദ രോഗത്തിന് അടിമപ്പെടും. ഹൃദയത്തെയും ശരീരത്തെയും അതിവേഗത്തിൽ ബാധിക്കുന്ന മെത്ത് അകാല വാർദ്ധക്യത്തിനും കാരണമാകും. കാഴ്ചയെയും കേൾവിയെയും ബാധിക്കും.
വായ് വഴി ഈ ലഹരി മരുന്ന് എടുക്കുന്നത് മോണ രോഗത്തിനും പല്ല് ദ്രവിക്കുന്നതിനും കാരണമാകും. മൂക്കിലൂടെ എടുക്കുന്നത് ശ്വാസകോശത്തിൽ ഗുരുതരമായ പ്രശ്‍നങ്ങൾക്ക് വഴിവെക്കും. ദീർഘ കാല ഉപയോഗം മരണത്തിലേക്കും വഴി വെക്കുന്നു.