ഐൻസ്റ്റീനേക്കാൾ ഉയർന്ന ഐക്യു; 11-ാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ഓട്ടിസം ബാധിച്ച പെൺകുട്ടി

മെക്സിക്കോ സിറ്റിയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസ് 11-ാം വയസ്സിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. ആൽബർട്ട് ഐൻസ്റ്റീനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യു ഉണ്ട് ഈ കൊച്ചുമിടുക്കിയ്ക്ക്. ഇരുവർക്കും 160 ഐക്യു ഉണ്ടായിരുന്നു.

 

ഓട്ടിസം ബാധിച്ചതിന്റെ പേരിൽ സ്‌കൂളിൽ അവഗണിക്കാണിക്കപ്പെട്ടതുൾപ്പെടെ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും, അതെല്ലാം മറികടന്നാണ് അധാര ഇപ്പോൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നാസയുടെ ബഹിരാകാശ യാത്രികയാകുക എന്നതാണ് അധാരയുടെ സ്വപ്നം.

 

മൂന്നാം വയസ്സിലാണ് അധാര ഓട്ടിസം ബാധിതയാണെന്ന് കണ്ടെത്തിയത്. സ്‌കൂളിൽ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും നിരന്തരമായ ഭീഷണിപ്പെടുത്തലുകളും അവഗണനയും നേരിടേണ്ടി വന്നു. മൂന്ന് തവണ സ്‌കൂളുകൾ മാറ്റിചേർത്തേണ്ടി വന്നു. അധാരയുടെ അമ്മ നയേലി സാഞ്ചസ് മകൾ സ്വയം ബീജഗണിതം പഠിക്കുന്നതും ആവർത്തനപ്പട്ടിക മനഃപാഠമാക്കിയതും ശ്രദ്ധിച്ചു. അതോടെ അവർ അവളെ തെറാപ്പിയിൽ ചേർത്തു. ഒടുവിൽ അവളെ സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിലേക്ക് (CEDAT) അയച്ചു. അവിടെ വെച്ച് അവളുടെ ഐക്യു 162 ആണെന്ന് സ്ഥിരീകരിച്ചത്.

 

ചെറുപ്പത്തിൽ ഒരു ഡോക്ടറെ സന്ദർശിച്ച വേളയിലാണ് സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ച് അധാര ആദ്യമായി അറിയുന്നത്. അവിടെ ശാസ്ത്രജ്ഞനെ കുറിച്ചുള്ള നിരവധി കാര്യങ്ങളും വിവരങ്ങളും പ്രദർശിപ്പിച്ചിരുന്നു. അങ്ങനെ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനോടും ബഹിരാകാശ പര്യവേഷണത്തോടും അവൾക്ക് താത്‌പര്യം തോന്നി. ഒരു ദിവസം നാസയുടെ ബഹിരാകാശയാത്രികയാകുക എന്നതാണ് ഇന്ന് അധാരയുടെ സ്വപ്നം.

 

അഞ്ചാം വയസ്സിൽ എലിമെന്ററി സ്കൂൾ പൂർത്തിയാക്കിയതും ഒരു വർഷത്തിനുശേഷം മിഡിൽ, ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും അധരയുടെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഇപ്പോൾ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണ്.