കേരളം സമ്പൂർണ കായിക സാക്ഷരതയെന്ന ലക്ഷ്യത്തിലേക്ക്;മലപ്പുറം ജില്ലയിൽ 4 സ്റ്റേഡിയം കൂടി കേരളത്തിന്‌

കേരളത്തിലെ കായിക മേഖലക്ക് കരുത്തും കുതിപ്പുമേകാന്‍ മലപ്പുറം ജില്ലയിലെ ഉണ്ണ്യാലിലെ ഫിഷറീസ് സ്റ്റേഡിയം, താനൂര്‍ ഫിഷറീസ് ഹൈസ്കൂള്‍ സ്റ്റേഡിയം, താനാളൂര്‍ സ്റ്റേഡിയം, കാട്ടിലങ്ങാടി സ്റ്റേഡിയം എന്നീ നാല് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

അടുത്ത പത്ത് വര്‍ഷത്തില്‍ കേരളത്തെ സമ്ബൂര്‍ണ കായിക സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി ഉയര്‍ത്തുക എന്നതാണ് ഈ നടപടികള്‍ക്ക് പുറകിലെന്ന് ഔദ്യോഗിക പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കായിക രംഗത്തിന്റെ മുന്നേറ്റത്തിനൊപ്പം ജനങ്ങളുടെ ജീവിതസാഹചര്യത്തില്‍ മെച്ചമുണ്ടാക്കുന്നതിനും നീ നീക്കത്തിലൂടെ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

കേരളത്തിന്റെ വിശേഷിച്ച്‌, മലപ്പുറം ജില്ലയുടെ കായികരംഗത്തെ മുന്നേറ്റത്തിന് കരുത്തുപകരാന്‍ കഴിയുന്ന ഉണ്ണ്യാലിലെ ഫിഷറീസ് സ്റ്റേഡിയം, താനൂര്‍ ഫിഷറീസ് ഹൈസ്കൂള്‍ സ്റ്റേഡിയം, താനാളൂര്‍ സ്റ്റേഡിയം, കാട്ടിലങ്ങാടി സ്റ്റേഡിയം എന്നീ നാല് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

5 കോടിയോളം രൂപ ചിലവഴിച്ചാണ് ഉണ്ണ്യാലിലെ ഫിഷറീസ് സ്റ്റേഡിയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കായികരംഗത്തിന്റെ മുന്നേറ്റത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനും ഉള്ള നവീന സൗകര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ സ്റ്റേഡിയം.

മികച്ച രീതിയിലുള്ള ഒരു ഫുട്ബോള്‍ ഗ്രൗണ്ടും 2,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കാന്‍ കഴിയുന്ന ഗ്യാലറിയുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ഇതിനൊപ്പം തയ്യാറായിരിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സില്‍ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ സ്റ്റേഡിയം, ജിമ്മുകള്‍, കരാട്ടെ പരിശീലന ഹാള്‍ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ കൂടി ഒരുക്കിയിരിക്കുകയാണ്.

 

സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ അടിവശത്തായി 24 ഷോറൂമുകള്‍ ഒരുക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനുമായി ഈ ഷോറൂമുകള്‍ ഉപയോഗിക്കാവുന്നതാണ്. അതുവഴി കായികമേഖലയുടെ ഉന്നമനം മാത്രമല്ല ഈ പദ്ധതിയിലൂടെ സാധ്യമാകുന്നത്, മറിച്ച്‌ മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്ബത്തികവുമായ പുരോഗതി കൂടി ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു. താനൂര്‍ ഫിഷറീസ് ഹൈസ്കൂള്‍ സ്റ്റേഡിയം ഒരുക്കുന്നതിന് മൂന്ന് കോടി രൂപയാണ് ചിലവഴിച്ചത്. ഫിഷറീസ് ഹൈസ്കൂളിന്‍റെ ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ള പത്തരക്കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ സ്റ്റേഡിയം തയ്യാറാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവച്ചാണ് ഫിഷറീസ് സ്കൂളുകളുടെ വികസനം നടപ്പാക്കിവരുന്നത്.

 

തീരദേശത്തെ 33 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 77 കോടി രൂപ മുടക്കി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ചു. 26 തീരദേശ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ സജ്ജമാക്കുകയും ചെയ്തു. ഇതുകൂടാതെ, തീരദേശമേഖലയിലെ 57 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 66 കോടി രൂപയുടെ പദ്ധതി കിഫ്ബി മുഖേന ആവിഷ്ക്കരിച്ചു നടപ്പാക്കി വരികയാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് വിദ്യാര്‍ത്ഥികളുടെ കായികമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് ഹൈസ്കൂളില്‍ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. കാട്ടിലങ്ങാടിയിലെ സ്റ്റേഡിയത്തിനായി കിഫ്ബി മുഖേനയാണ് പത്തരക്കോടി രൂപ ലഭ്യമാക്കിയത്. ഫുട്ബോള്‍ ഗ്രൗണ്ടും ഗ്യാലറികളും ഈ സ്റ്റേഡിയത്തിലുണ്ട്. മിനി ഒളിമ്ബിക്സ് മാനദണ്ഡ പ്രകാരമുള്ള നീന്തല്‍ക്കുളവും സിന്തറ്റിക് ട്രാക്കും അടക്കമുള്ള സൗകര്യങ്ങള്‍ വൈകാതെതന്നെ ഇവിടെ ഒരുക്കും.

 

താനാളൂര്‍ പഞ്ചായത്തിലെ സ്റ്റേഡിയത്തിനായി ആകെ 80 ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഐക്യകേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ സഖാവ് ഇ എം എസ്സിന്റെ പേരിലുള്ള ഈ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ടും മിനി ഗ്യാലറിയും വോളിബോള്‍, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങള്‍ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 10 വര്‍ഷം കൊണ്ട് കേരളത്തെ സമ്ബൂര്‍ണ കായികസാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതു നേടിയെടുക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരുന്നതാകും പുതുതായി ഒരുങ്ങുന്ന സ്റ്റേഡിയങ്ങള്‍.