‘2000 രൂപ നോട്ട് നിരോധിച്ചത് കർണാടകയിലെ വൻ തോൽവി മറയ്ക്കാൻ’; എം.കെ സ്റ്റാലിൻ

2000 രൂപയുടെ നോട്ട് നിരോധനം കർണാടകയിലെ വൻ തോൽവി മറയ്ക്കാനാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.500 സംശയങ്ങൾ, 1000 ദുരൂഹതകൾ, 2000 തെറ്റുകൾ, കർണാടകയിലെ തോൽവി മറയ്ക്കാനുള്ള ഒറ്റ വഴിയെന്ന് എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. #2000note, #demonetisation എന്നീ ഹാഷ്ടാഗുകളോടെയാണ് സ്റ്റാലിൻ കറൻസി പിൻവലിച്ചതിനെതിരെ ട്വീറ്റ് ചെയ്തത്.

രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആ‍ര്‍ബിഐ അറിയിച്ചത്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.