പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കേന്ദ്രത്തിന് സംശയം; കേരളത്തിലെ സ്‌കൂളുകളില്‍ പരിശോധന നടത്തും

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയമെന്ന് കേന്ദ്രം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തും. പ്രൈമറി സ്‌കൂളുകളില്‍ നൂറ് ശതമാനം വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന കേരളത്തിന്റെ അവകാശവാദത്തിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രധാനമന്ത്രി പോഷകാഹാര പരിപാടിയുടെ വിലയിരുത്തല്‍ യോഗത്തിലാണ് കേരളം സമര്‍പ്പിച്ച രേഖകള്‍ കേന്ദ്രത്തിന് സംശയം. വിലയിരുത്തല്‍ യോഗത്തിലാണ് സംസ്ഥാനം കണക്ക് സമര്‍പ്പിച്ചത്. പ്രീ പ്രൈമറി ഘട്ടത്തിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് നൂറ് ശതമാനം പേര്‍ക്കും ഉച്ചഭക്ഷണവും സമീകൃത ആഹാരവും നല്‍കുന്നു എന്നാണ് കേരളം വ്യക്തമാക്കുന്നത്. എന്നാലിത് അവിശ്വസനീയമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്‌കൂളുകളില്‍ എത്തി പരിശോധന നടത്താനുള്ള തീരുമാനമാണ് കേന്ദ്രം കെക്കൊണ്ടിരിക്കുന്നത്.

വിഷയത്തില്‍ സംസ്ഥാനം പ്രത്യേകം അന്വേഷണം നടത്തണമെന്നും കേന്ദ്രം പറയുന്നുണ്ട്. ജൂലൈയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പോഷകാഹാര വിതരണ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള ഫണ്ട് നല്‍കി കൃത്യമായിട്ട് നല്‍കുന്നുണ്ട്. എന്നാല്‍ ചില സ്‌കൂളുകളില്‍ ഭക്ഷണ പരിപാടികള്‍ കൃത്യമായിട്ട് നടത്തുന്നില്ല എന്ന പരാതികള്‍ ഇതിനകം തന്നെ ചില സംഘടനകള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായാകാം വിലയിരുത്തല്‍ യോഗത്തില്‍ കേന്ദ്രം ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.