12 കോടിയുടെ വിഷു ബമ്പർ ചെമ്മാട് വിറ്റടിക്കറ്റിന്; ഭാ​ഗ്യശാലിയെ കാത്ത് ഏജന്റ്

ചെമ്മാട്: 12 കോടിയുടെ വിഷു ബമ്പർ ഭാ​ഗ്യശാലി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ഷോപ്പിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. താനൂർ സികെവി ഏജൻസിയുടെ ബ്രാഞ്ചുകളിൽ ഒന്നാണിത്. ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നതെന്നും ആരാണ് ഭാ​ഗ്യവാനെന്ന് അറിയില്ലെന്നും ഷോപ്പുടമ പറഞ്ഞു.

“ഏകദേശം രണ്ടാഴ്ച മുൻപാണ് ടിക്കറ്റ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയത്. ആരാണ് വാങ്ങിപ്പോയതെന്ന് അറിയില്ല. ഇതുവരെ ആരും നമ്മളെ ബന്ധപ്പെട്ടിട്ടുമില്ല. ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും മധുരം നൽകി ഞങ്ങൾ ആഘോഷിക്കുന്നുണ്ട്. ഇവിടുത്തെ നാട്ടുകാരെല്ലാം ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുകയാണ്. മുൻപ് രണ്ടാം സമ്മാനങ്ങളും രണ്ട് മൂന്ന് തവണ മൂന്നാം സമ്മാനങ്ങളും ഏജൻസിക്ക് അടിച്ചിട്ടുണ്ട്. ബമ്പറിന്റെ ഒന്നാം സമ്മാനം ഇതാദ്യമാണ്”, എന്ന് ഷോപ്പുടമ ആദർശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമീപ പ്രദേശത്തുള്ള ആരെങ്കിലും ആകാം ഭാ​ഗ്യശാലി എന്നാണ് ഇവർ കരുതുന്നത്. ചെമ്മാട് ബസ്റ്റാന്റിന് അകത്താണ് ഷോപ്പ് പ്രവർത്തിക്കുന്നത്.

അതേസമയം, VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218 എന്നീ ടിക്കറ്റുകൾക്കാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നീ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ഇത്തവണ വിഷു ബമ്പറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റുവെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.