സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ; സമരത്തിൽ നിന്നും പിൻമാറിയ സംഘടനയെയും സമരമുഖത്ത് എത്തിക്കും

ജൂൺ 7-ാം തിയതി നടക്കുന്ന ബസ് സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ. സമരത്തിൽ നിന്നും പിൻമാറിയ സംഘടനയെയും സമരമുഖത്ത് എത്തിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ അറിയിച്ചു. സംഘടനയുമായി ഇന്നോ നാളെയോ ചർച്ച നടത്തും.

പണിമുടക്കിൽ നിന്നും പിൻമാറിയ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നേതാക്കളുമായി സംസാരിച്ചുവെന്നും മുഴുവൻ ബസ് ഉടമ സംഘടനകളും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ബസ് ഉടമകൾ അറിയിച്ചു. എല്ലാ സംഘടനകളും മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ ഒന്ന് തന്നെയാണ്. ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാർ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.

വിദ്യാർഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക,ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെച്ചത്.ജൂൺ ഏഴു മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി ബസ്സുടമകൾ ഗതാഗത മന്ത്രിക്കു നിവേദനവും നൽകിയിരുന്നു.