പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ല: ഉപഭോക്തൃ കമ്മീഷൻ
പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ. ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ രോഗവിവരം മറച്ചുവെച്ചുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനി ചികിത്സാ ചെലവായ 1,46,294 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ വിധിച്ചു.
കൊണ്ടോട്ടി പുളിക്കൽ സ്വദേശി അബ്ദുൾ ജലീൽ സമർപ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ വിധി. എച്ച്.ഡി.എഫ്.സി എർഗോ ഇൻഷുറൻസ് കമ്പനിയാണ് വിധിസംഖ്യ നൽകേണ്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് പരാതിക്കാരനെ പ്രവേശിപ്പിക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻഷുറൻസ് ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ നേരത്തെ ഉണ്ടായിരുന്ന രോഗം മറച്ചുവെച്ച് പോളിസി എടുത്തതിനാൽ വ്യവസ്ഥ പ്രകാരം ആനുകൂല്യം നൽകാനാവില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. എന്നാൽ പോളിസി എടുക്കുമ്പോൾ രോഗമുണ്ടായിരുന്നില്ലെന്ന് കമ്പനിയെ അറിയിച്ചെങ്കിലും കമ്പനി അംഗീകരിച്ചില്ല. പോളിസി എടുക്കുന്നതിന് മുമ്പ് രോഗമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്കായില്ല. രോഗം മറച്ചുവെച്ചുവെന്ന് ആരോപിക്കുന്നത് ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും കൊളസ്‌ട്രോളുമാണ്. ഇത് കാരണമാണ് ഹൃദയ സംബന്ധമായ രോഗമുണ്ടായതെന്നതിനും തെളിവുകളില്ല. 2016 മുതൽ ചെറിയ ഇടവേളകൾ ഉണ്ടായെങ്കിലും തുടർച്ചയായി ഇൻഷുറൻസ് പുതുക്കി വരുന്നയാളാണ് പരാതിക്കാരൻ. മതിയായ കാരണമില്ലാത ഇൻഷുറൻസ് നിഷേധിച്ചത് സേവനത്തിൽ വന്ന വീഴ്ചയാണ്. പരാതിക്കാരന് ചികിത്സാ ചെലവും നഷ്ടപരിഹാരവും കൂടാതെ 10,000 രൂപ കോടതി ചെലവും നൽകണം. ഒരു മാസത്തിനകം വിധിസംഖ്യ നൽകാത്തപക്ഷം ഒമ്പത് ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയിൽ പറഞ്ഞു.