മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ തുടക്കം
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയായ തൊഴിൽ തീരത്തിന് തിരൂര്‍ മണ്ഡലത്തിൽ തുടക്കമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്‍ നടത്തുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 46 തീരദേശ നിയോജക മണ്ഡലത്തിൽ നിന്നും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ഒമ്പത് മണ്ഡലങ്ങൾ കണ്ടെത്തിയാണ് പൈലറ്റ് പ്രൊജക്ടായി പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ തിരൂർ നിയോജക മണ്ഡലമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 18നും 40നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി നോളജ് മിഷന്റെ സേവനങ്ങൾ നൽകിക്കൊണ്ട് തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. പദ്ധതി പൂർത്തീകരണവുമായി ബന്ധപ്പെട്ട സംഘാടക സമിതിയോഗം ജൂൺ 26ന് രാവിലെ 10 മണിക്ക് വെട്ടം പഞ്ചായത്ത് ഹാളിൽ ചേരും.
പദ്ധതിയുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ് പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റി അംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു.