ഡിജിറ്റൽ ആവാം കുടുംബശ്രീയിലൂടെ: ഡ്രൈവ് പദ്ധതിക്ക് തുടക്കം

ജില്ലയിലെ ഒരു ലക്ഷം വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി. പി എൻ പണിക്കർ ഫൗണ്ടേഷൻ, സി എസ് സി ജില്ലാ ഓഫീസ് എന്നിവയുമായി ചേർന്നാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ പ്രത്യേക തനത് പരിപാടിയായ ‘ഡ്രൈവ്’ നടപ്പാക്കുന്നത്. പ്രധാന മന്തി ഗ്രാമീണ്‍ ഡിജിറ്റൽ സാക്ഷരത അഭിയാന്റെ ഭാഗമായി ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 300 റിസോഴ്‌സ്‌പേഴ്‌സൺമാർ ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കി. 100ഓളം പഠന കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ട്. ജില്ലയിലെ സാധാരണക്കാരായ വനിതകൾക്ക് വിവര സാങ്കേതിക വിദ്യയുടെയും നവ മാധ്യമങ്ങളുടെയും ബാല പാഠങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ഓൺലൈൻ സർക്കാർ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ഡിജിറ്റൽ സാങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വനിതകളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ, പ്രായോഗിക പരിശീലനം, ഓൺലൈൻ പരീക്ഷ എന്നിവയിലൂടെയാണ് പഠിതാക്കളെ ഡിജിറ്റൽ സാക്ഷരരാക്കുന്നത്. വിജയിക്കുന്നവർക്ക് കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ സിർട്ടിഫിക്കറ്റ് നൽകും. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച ‘ഡ്രൈവ്’ പദ്ധതി ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പ്രൊജക്ടായി ഏറ്റെടുത്ത് നടപ്പാക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പഞ്ചായത്ത് തലത്തിൽ കുറഞ്ഞത് 25,000 രൂപയോ അതിൽ അധികമോ തുക വകയിരുത്തുന്നതിനും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. പദ്ധതിക്ക് ആവശ്യമായ ബാക്കി തുക ജില്ലാ പഞ്ചായത്ത് വഹിക്കും. ജില്ലയിൽ ഇത് വരെ 14,460 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. 5137 പേർക്ക് ഡിജിറ്റൽ സാക്ഷരതക സർട്ടിഫികറ്റ് ലഭ്യമാക്കുകയും ചെയ്തു. നിലവിൽ 627 പേർ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച വാഴക്കാട് സി ഡി എസാണ് ജില്ലയിൽ ഒന്നാമത്. പഞ്ചായത്ത് തലങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള രണ്ടാം ഘട്ട പരിശീലനം മലപ്പുറം പ്രശാന്ത് റസിഡൻസിയിൽ സംഘടിപ്പിച്ചു. സി എസ് സി ജില്ലാ പ്രോഗ്രാം മാനേജർ കെ പി നൗഷാദ് പരിശീലനത്തിന് നേതൃത്വം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർമാരായ സി ആർ രാകേഷ്, സി ടി നൗഫൽ, ബ്ലോക്ക് കോർഡിനേറ്റർ കെ മുഹമ്മദ് സലീം, ഡിജിറ്റൽ സാക്ഷരതാ കോർഡിനേറ്റർ പി റിയാസ് മോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 130 റിസോഴ്‌സ്‌പേഴ്‌സൺമാർ പങ്കെടുത്തു. പരിശീലനം പൂർത്തീകരിച്ചവർ അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാംഘട്ട രജിസ്‌ട്രേഷൻ പരിപാടികൾ പഞ്ചായത്ത് തലങ്ങളിൽ ആരംഭിക്കും.