കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമി താമസക്കാരും ഇനി ഭൂമിയുടെ അവകാശികൾ; 45 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു

തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ പുക കെട്ടടങ്ങിയിട്ട് വര്‍ഷം പലത് കഴിഞ്ഞിട്ടും ആ തീച്ചൂളയുടെ ചൂട് ഇന്നും മനസില്‍ പേറുന്ന ചിലരുണ്ടിവിടെ. ഫാക്ടറിയുടെ കീഴിലുള്ള മിച്ചഭൂമിയിലെ താമസക്കാരാണ് പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പട്ടയ മിഷനിലൂടെ കൊടക്കല്‍ നിവാസികളും ഇന്ന് മുതല്‍ ഭൂമിയുടെ അവകാശികളാകും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായാണ് തിരൂര്‍ താലൂക്കിലെ തിരുന്നാവായ വില്ലേജില്‍ ഉള്‍പ്പെട്ട കൊടക്കല്‍ മിച്ചഭൂമിയിലെ ഈ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നത്.

ബ്രിട്ടീഷ് സര്‍ക്കാര്‍ ബാസല്‍ മിഷന്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് 1845ല്‍ കൊടക്കല്‍ ഓട്ടുകമ്പനി ആരംഭിക്കുന്നത്. കാലക്രമേണ കമ്പനിയുടെ നടത്തിപ്പ് പളനിയപ്പന്‍ എന്ന സ്വകാര്യ വ്യക്തിയുടെ കൈകളിലായി. ഇത് പിന്നീട് പൂട്ടുകയും
കമ്പനി ഭൂമി നിരവധി പേര്‍ക്ക് വില്‍ക്കുകയും ചെയ്തു. ഇതിനിടെ ഫാക്ടറിയുടെ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കാതായതോടെയാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നും വില കൊടുത്തു വാങ്ങി തങ്ങള്‍ വഞ്ചിതരായ വിവരം ഈ കുടുംബങ്ങള്‍ മനസ്സിലാകുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പോലും പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാതെ പോയി. തുടര്‍ന്ന് പട്ടയം ലഭ്യമാക്കാന്‍ കൊടക്കല്ലിലെ കുടുംബങ്ങള്‍ മന്ത്രി വി. അബ്ദുറഹിമാന്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പട്ടയ വിതരണത്തിനുള്ള വഴിയൊരുങ്ങിയത്. ഇതോടെ കൊടക്കല്‍ ടൈല്‍ ഫാക്ടറി നിവാസികളും ഭൂമിയുടെ അവകാശികളായി.

സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്നതോടെ മിച്ചഭൂമി ഉൾപ്പടെ പ്രശ്നങ്ങൾ കാരണം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ എന്തെങ്കിലും ക്രയവിക്രയങ്ങൾ നടത്തുമ്പോഴാകും പോക്കുവരവുൾപ്പടെയുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽ വരുന്നത്. ഇത് മൂലം സ്വന്തമാക്കിയ ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമാണ് പല കുടുംബങ്ങൾക്കുമുള്ളത്. ഇതിന് പരിഹാരമായാണ് “എന്റെ ഭൂമി” എന്ന സോഫ്റ്റ് വെയർ സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പുതിയതായി സ്ഥലം വാങ്ങുന്നയാൾക്ക് രജിസ്ട്രേഷൻ സമയത്ത് തന്നെ ഭൂമിയുമായി ബന്ധപ്പെട്ട് തുടർന്നുണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നും കൊടക്കൽ നിവാസികൾക്കുണ്ടായതുപോലെ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1973ൽ തുടങ്ങിയ തർക്കത്തിന് പരിഹാരവുമായി വർഷങ്ങൾക്കിപ്പുറം എത്തിയത് അതേ വർഷത്തിൽ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ. രാജൻ സദസ്സിനെ അറിയിച്ചത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ മിച്ചഭൂമി പ്രശ്നം ആരംഭിച്ച അതേ വർഷമാണ് താൻ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജനിച്ചതെന്ന് മന്ത്രി പറഞ്ഞു. നീണ്ട വർഷങ്ങൾക്കിപ്പുറം അതിന് പരിഹാരം കാണാനായതിൽ സന്തോഷമുണ്ട്. നിലവിൽ പരിഗണിച്ച 66 അപേക്ഷകരിൽ 45 കുടുംബങ്ങൾക്കാണ് പട്ടയം അനുവദിച്ചത്. അതിർത്തി നിർണയവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന 11 അപേക്ഷയിലും ഒരേക്കറിലധികം ഭൂമിയുള്ള നാല് അപേക്ഷയിലും ഉടൻ പരിഹാരം കണ്ട് പട്ടയം അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരം അടക്കുന്നതിന് തടസ്സങ്ങളുള്ള ആറ് കുടുംബങ്ങളുടെ കരം സ്വീകരികുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുന്നാവായ കൊടക്കല്‍ പി.പി. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറിമാന്‍ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ, തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്ത്, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ,എ.ഡി.എം എൻ.എം മെഹറലി, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഗോഡ്ലീഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്വപ്ന യേശുദാസ്, കെ. സോളമൻ വിക്ടർ ദാസ്, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.