വനിതാ കമ്മീഷൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

 

വനിതാ കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാ മണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. 55 പരാതികളാണ് ലഭിച്ചത്. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി. 26 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. രണ്ട് കേസുകളിൽ ജാഗ്രതാ സമിതി റിപ്പോർട്ട് തേടി.

ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കങ്ങൾ, വഴി പ്രശ്‌നങ്ങൾ, തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് കൂടുതലായും അദാലത്തിൽ കമ്മീഷന് മുമ്പിലെത്തിയത്. ഇതിൽ കമ്മീഷന്റെ പരിഗണനയിൽ വരാത്തവയും ഉണ്ടായിരുന്നെങ്കിലും സാധ്യമായവയ്ക്ക് ആവശ്യമായ കൗൺസിലിങ്, നിയമോപദേശം എന്നിവ നൽകി. പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാ മണി പറഞ്ഞു. എല്ലാമാസവും ജില്ലയിൽ അദാലത്ത് സംഘടിപ്പിക്കും. കലാലയങ്ങളിലെ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ അറിയാനും പരിഹരിക്കാനുമായി വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ‘കലാലയ ജ്യോതി’ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അത് കൂടുതൽ കലാലയങ്ങളിലേക്ക് എത്തിക്കും. കൂടാതെ സ്‌കൂൾ വിദ്യാർഥികൾക്ക് കൗൺസിലിങ്, പോക്‌സോ, സൈബർ ബോധവത്കരണം തുടങ്ങിയ ക്യാമ്പയിനുകൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ ശക്തിപ്പെടുത്തും. അഭിഭാഷകരായ ബീന കരുവാത്ത്, റീബ എബ്രഹാം, ജെ.എസ് ബിനു, എസ്. രാജേശ്വരി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.