മുന്നറിയിപ്പില്ലാതെ വീട് പൊളിക്കാൻ ശ്രമം, ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് വനിതാ എംഎൽഎ

മഹാരാഷ്ട്രയിൽ സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ. താനെ ജില്ലയിലെ മീരാ ഭയന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജെയിനാണ് മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ സിവിൽ എഞ്ചിനീയറുടെ കരണത്തടിച്ചത്. മുന്നറിയിപ്പില്ലാതെ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൊളിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു വനിതാ നിയമസഭാംഗത്തിൻ്റെ ഈ ശിക്ഷ.

സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീട് മുന്നറിയിപ്പില്ലാതെ പൊളിക്കാനാണ് ഇവർ ശ്രമിച്ചത്. വീട് പൊളിക്കുന്നതിനിടെ കരയുന്ന സ്ത്രീകളെ നോക്കി ഒരു ഉദ്യോഗസ്ഥൻ ചിരിക്കുന്നത് കണ്ടു. ഇത് തന്നെ പ്രകോപിപ്പിച്ചെന്നും ഉദ്യോഗസ്ഥനെ തല്ലിയത് സ്വാഭാവിക പ്രതികരണമാണെന്നും ഗീത ജെയിൻ ഒരു പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞു. തന്റെ നടപടിയിൽ ഖേദമില്ലെന്നും ഏത് ശിക്ഷയും നേരിടാൻ തയ്യാറാണെന്നും അവർ പറഞ്ഞു.

ജൂനിയർ സിവിൽ എഞ്ചിനീയർമാർ പൊളിച്ചു നീക്കിയ വീടിന്റെ ഒരു ഭാഗം മാത്രമേ നിയമവിരുദ്ധയിരുന്നുള്ളു. അനധികൃതമായ ഭാഗം പൊളിക്കാമെന്ന് താമസക്കാർ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നല്കയിരുന്നതായും എംഎൽഎ പറഞ്ഞു. വീട് പൊളിക്കുന്നതിനെ എതിർത്ത സ്ത്രീകളുടെ മുടി നഗരസഭാ ഉദ്യോഗസ്ഥർ വലിച്ചിഴച്ചതായി എംഎൽഎ ആരോപിച്ചു. ബിൽഡർമാരുടെ ഒത്താശയോടെയാണ് രണ്ട് എൻജിനീയർമാർ സ്വകാര്യ ഭൂമിയിൽ പൊളിക്കൽ ജോലികൾ നടത്തിയതെന്ന് ഗീത ജെയിൻ അവകാശപ്പെട്ടു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.