തീരദേശ മേഖലയിലെ ജനങ്ങളെ കേൾക്കാൻ ‘തീരസദസ്സ്’ 3 മുതല്‍
തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സ് ജൂലൈ മൂന്ന്, നാല് തീയതികളിൽ നടക്കും. മത്സ്യത്തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും തീരദേശ സദസ്സുകൾ സംഘടിപ്പിക്കുന്നത്. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രദേശികമായുള്ള പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
താനൂർ മണ്ഡലത്തിൽ നിന്നുള്ളവർക്കായി ജൂലൈ മൂന്നിന് രാവിലെ 9.30 മുതൽ 11 വരെ താനൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ജനപ്രതിനിധികളുടെ ചർച്ചാ വേദിയും തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ തീര സദസ്സും നടക്കും.
തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ളവർക്ക് ജൂലൈ മൂന്നിന് വൈകീട്ട് മൂന്ന് മുതൽ 4.30 വരെ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെ ചർച്ചാ വേദിയും തുടർന്ന് വൈകീട്ട് ഏഴ് വരെ കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തിൽ തീരസദസ്സും നടക്കും.
വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്നുള്ളവർക്കായി ജൂലൈ നാലിന് രാവിലെ 9.30 മുതൽ 11 വരെ ആനങ്ങാടി ശ്രീ ആർക്കേഡിൽ ജനപ്രതിനിധികളുടെ ചർച്ചാ വേദിയും തുടർന്ന് ഒരു മണി വരെ ആനങ്ങാടി ഡാസൽ അവന്യു ഓഡിറ്റോറിയത്തിൽ തീരസദസ്സും നടക്കും.
തവനൂർ മണ്ഡലത്തിലുള്ളവർക്കായി ജൂലൈ നാലിന് വൈകീട്ട് മൂന്ന് മുതൽ 4.30 വരെ പടിഞ്ഞാറെക്കര സിറാജുൽ ഹുദ മദ്രസയിൽ ജനപ്രതിനിധികളുടെ ചർച്ചാ വേദിയും തുടർന്ന് വൈകീട്ട് ഏഴിന് വരെ പടിഞ്ഞാറെക്കര സീസോൺ റിസോർട്ടിൽ തീരസദസ്സും നടക്കും.
ജില്ലയില്‍ പൊന്നാനി, തിരൂര്‍ മണ്ഡലങ്ങളിലെ തീരദേശ സദസ്സുകള്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു.