വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്റ്‌; പോലീസിന് നിഖിലിന്റെ നിർണ്ണായക മൊഴി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയ കേസിൽ പിടിയിലായ മുൻ എസ്എഫ്ഐ നേതാവ് നിഖിലിന്റെ നിർണ്ണായക മൊഴി ലഭിച്ചു. വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്റ്‌ അബിൻ സി രാജാണെന്നാണ് നിഖിൽ മൊഴി നൽകിയത്. ഇയാൾ ഇപ്പോൾ വിദേശത്തു അധ്യാപകനായി ജോലി ചെയ്യുകയാണ്. 2020ൽ ഇയാൾക്കു 2 ലക്ഷം രൂപ കൈമാറിയെന്നും നിഖിൽ പറയുന്നു.

ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നാണ് നിഖിൽ പറയുന്നത്. മുഴുവൻ യാത്രകളും നടത്തിയത് കെഎസ്ആർടിസി ബസ്സിൽ തനിച്ചാണ്. കയ്യിലെ പണം തീർന്നതു മൂലമാണ് കീഴടങ്ങാൻ തീരുമാനിച്ചത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താനായിരുന്നു തീരുമാനംമെന്നും നിഖിൽ മൊഴി നൽകി.

മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനായി പൊലീസ് കോട്ടയത്ത് കാത്ത് കിടന്നത് രണ്ടു മണിക്കൂറാണ്. രാത്രി പത്തുമണിയോടെയാണ് കായംകുളത്തു നിന്നുള്ള അന്വേഷണസംഘം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയത്. കോഴിക്കോട് നിന്ന് വന്നുപോകുന്ന മുഴുവൻ ബസ്സുകളുടെയും വിവരം ഡിപ്പോയിൽ നിന്ന് ശേഖരിച്ചു.

കോഴിക്കോട് നിന്നുള്ള എസി ലോ ഫ്ലോർ ബസ്സിലാണ് നിഖിലിന്റെ യാത്ര എന്ന സ്ഥിരീകരണം ലഭിച്ചത് രാത്രി 12 മണിക്കാണ്. 12.40ന് ബസ് എത്തിയതോടെ മഫ്തിയിലുള്ള പൊലീസ് സംഘം നിഖിലിനെ ബസ്സിനുള്ളിൽ കയറി പിടികൂടുകയായിരുന്നു. ലോക്കൽ പൊലീസിനെയും ഡിപ്പോ അധികൃതരെയും അറിയിക്കാതെയായിരുന്നു അന്വേഷണസംഘത്തിന്റെ രഹസ്യ നീക്കം.

നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ. നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.

കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്ന നിഖിൽ പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ എംകോമിനു ചേർന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്ഐ നേതാക്കളെ കാണാൻ 18 ന് തിരുവനന്തപുരത്തു പോയപ്പോൾ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേർത്തലയിലെ ഒരു എസ്എഫ്ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.