കാൽപ്പന്തിന്റെ ഇതിഹാസം; ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36-ാം പിറന്നാൾ

ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലയണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ.

ഫുട്ബോള്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അർജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണൽ മെസി. ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികൾക്ക് മെസി മറുപടി പറഞ്ഞത് ഖത്തർ വേദിയായ 2022 ലെ ലോക‍കപ്പ് കിരീടം നേടികൊണ്ടായിരുന്നു.

1987 ജൂൺ 24 ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്പെയിനിന്റെ എഫ്സി ബാഴ്‌സലോണയിൽ കളി തുടങ്ങി. പിന്നീടുള്ള വ‍ർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി മെസ്സി മാറി.

ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വർഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്‌.

ഇതിനിടെ പിഎസ്ജി വിട്ട ലയണൽ മെസിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളോട് ഇക്കാര്യം വ്യക്കതമാക്കിയതായാണ് റിപ്പോർട്ട്. 2025 വരെയാകും ക്ലബ്ബും മെസിയുമായുള്ള കരാര്‍.

ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോർജ് അറിയിച്ചിട്ടുണ്ട്. അടുത്ത മാസം താരം കരാര്‍ ഒപ്പുവെയ്ക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.