സ്മാം പദ്ധതി കൂടുതല്‍ ജനകീയമാക്കാന്‍ കുടുംബശ്രീ

കൃഷി വകുപ്പിന്റെ കീഴില്‍ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയായ സ്മാം (SMAM) പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. ഇതിനായി പ്രത്യേക ക്യാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ക്ക് കടുംബശ്രീ ജില്ലാ മിഷന്‍ രൂപം കൊടുത്തു.
കേന്ദ്ര സര്‍ക്കാര്‍ കൃഷിമന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM). ചെറുകിട യന്ത്രങ്ങള്‍ മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയും വിള സംസ്‌കരണവുമായി ബന്ധപ്പെട്ട ഡ്രയറുകള്‍, മില്ലുകള്‍ , ട്രാക്ടര്‍, ടിപ്പര്‍ പള്‍വനൈസര്‍, കാട് വെട്ടുന്ന യന്ത്രം, തുടങ്ങിയവയും ഈ പദ്ധതി വഴി ഏതൊരു കര്‍ഷകനും കര്‍ഷക ഗ്രൂപ്പുകള്‍ക്കും 40% മുതല്‍ 80% വരെയും, വനിതാ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 95% വരെയും സാമ്പത്തിക സഹായത്തോടുകൂടി സ്വന്തമാക്കാന്‍ സാധിക്കും.
ഇതിന്റെ ആദ്യ ഘട്ടമായി ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ട അംഗങ്ങളിലേക്കും സ്മാം പദ്ധതി വിവരം എത്തിക്കുന്നതിമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അയല്‍ക്കൂട്ടയോഗത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഇതിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ കൂടെ സഹകരണത്തോടെ സി ഡി എസ് തല സ്മാം രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അയല്‍ക്കൂട്ട അംഗങ്ങളുടെ സ്മാം പദ്ധതിയിലെ രജിസ്‌ട്രേഷന്‍ ഉറപ്പ് വരുത്തും. കൂടാതെ ബ്ലോക്ക് ജില്ലാ തലങ്ങളില്‍ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശന മേളയും സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. സഹകരണ ബാങ്കുകള്‍ മുഖേന ലോണ്‍, അയല്‍ക്കൂട്ട ലോണ്‍, പഞ്ചായത്ത് പദ്ധതികള്‍ എന്നിവ മുഖേന തുക ലഭ്യമാക്കും .അപേക്ഷിച്ച ഉപകരണത്തിന്റെ മുഴുവന്‍ തുകയും അടച്ച ശേഷം, സബ്‌സിഡി തുക ലഭ്യമാകുന്നതായിരിക്കും. അതിനായി നിലവിലില്‍ സൊസൈറ്റീസ് ആക്ട് പ്രകാരം ഫാര്‍മേഴ്‌സ് ക്ലബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഫാര്‍മേഴ്‌സ് ക്ലബുകള്‍ ഈ പദ്ധതിയുടെ ഭാഗമാകും. കാര്‍ഷിക ക്ലബ്ബുകള്‍ കുടുംബശ്രീ സിഡിഎസിന്റെ കീഴില്‍ രൂപീകരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇത്തരം കാര്‍ഷിക ക്ലബ്ബുകള്‍ക്ക് തുക വകയിരുത്തി 10 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ പഞ്ചായത്തില്‍ സ്മാം മുഖേന ലഭ്യമാക്കി വാടകക്ക് നല്‍കുവാനും ഉദ്ദേശിക്കുന്നുണ്ട്. ജില്ലയില്‍ 10 കോടി രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാകും. കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ പഞ്ചായത്ത് സിഡിഎസുമായി ബന്ധപ്പെടണം. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രാബല്യത്തില്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ ആണ് സ്മാമിനെ അയല്‍ക്കൂട്ടങ്ങളിലേക്കെത്തിക്കാന്‍ കുടുംബശ്രീ ശ്രമിക്കുന്നത്.