ക്വാറി നടത്താന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ രണ്ട് കോടി ഡീല്‍; നടപടിക്കൊരുങ്ങി സിപിഐഎം
ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിപ്പുകാരോട് 2 കോടി രൂപ ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം. ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവിനെ സ്ഥാനത്ത് നിന്നും നീക്കിയേക്കും. കാന്തലാടി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നടപടി ചര്‍ച്ച ചെയ്യുമെന്ന് ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറമ്പോയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം 25നാണ് ക്വാറി വിവാദം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ മങ്കയം ബ്രാഞ്ച് കമ്മറ്റി ചേര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും വിഎം രാജീവിനെ നീക്കണമെന്ന ശുപാര്‍ശ ലോക്കല്‍ കമ്മറ്റിയെ അറിയിച്ചു. സംഭവം വിവാദമായതോടെയാണ് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി രംഗത്ത് എത്തുന്നത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറുമ്പോയില്‍ പറഞ്ഞു.
പരാതികള്‍ പിന്‍വലിച്ച് തെളിവുകള്‍ കൈമാറുന്നതിന് ഒരു കോടിയും താന്‍ ഉള്‍പ്പെടുന്ന രണ്ട് പേരുടെ വീടും സ്ഥലവും ഏറ്റെടുക്കാന്‍ 1 കോടിയും നല്‍കണമെന്നാണ് പുറത്ത് വന്ന ഓഡിയോ സന്ദേശത്തില്‍ ഉള്ളത്.
ക്വാറിക്കെതിരെ 13 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മങ്കയം ലോക്കല്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. ഒന്നിന് പുറകെ ഒന്നായി എത്തുന്ന ആരോപണങ്ങളില്‍ സിപിഐഎമ്മും കുരുക്കിലാകുകയാണ്. വിവാദത്തെ രാഷ്ട്രിയപരമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.