സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 12 ജില്ലകൾക്ക് മഴമുന്നറിയിപ്പ് നൽകി.ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട്. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലയോര/ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം.
അതിശക്തമായ മഴ അടുത്ത മൂന്ന് ദിവസം തുടരാൻ സാധ്യതയെന്ന് പ്രവചനം.
നാളെ 9 ജില്ലകളിലും ബുധനാഴ്ച്ച 7 ജില്ലകളിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളോട് ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.