തേഞ്ഞിപ്പലം : കുറഞ്ഞ ചെലവിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ മലബാറിൽ പഠിക്കാനുള്ള ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാകുന്നു. മലബാർ മേഖലയിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യത റഗുലർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളിൽ ഇല്ലാതാകുന്നതിനൊപ്പം കൂടുതൽ ഫീസ് നൽകി കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ ഉൾപ്പെടെ പഠിക്കേണ്ട ഗതികേടു കൂടിയാണ് ഉണ്ടായിരിക്കുന്നത്. ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ നടത്തുന്ന കോഴ്സുകൾ കേരളത്തിലെ നാല് റഗുലർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളിൽ നടത്താൻ പാടില്ലെന്ന സർക്കാർ നിബന്ധന വിദ്യാർത്ഥികൾക്കൊപ്പം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളിലെ നൂറു കണക്കിന് അധ്യാപകർ ജോലി നഷ്ടമാകുന്ന സാഹചര്യത്തിലുമാണ്.
കാലിക്കറ്റ്, കണ്ണൂർ, കേരള, എം ജി എന്നിവിടങ്ങളിൽ നിലവിലുണ്ടായിരുന്ന വിദൂര വിദ്യാഭ്യാസ സംവിധാനം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ മാത്രമായി പരിമിതപ്പെടുത്തിയ നടപടിയാണ് പ്രതിസന്ധിക്ക് കാരണം. ഓപ്പൺ സർവകലാശാല ആക്ടിലെ 47 ( 2 ), 72 വകുപ്പുകൾ പ്രകാരമാണ് മറ്റ് നാല് റഗുലർ സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നതിൽ നിയന്ത്രണം കൊണ്ടുവന്നത്. ഇതിനെതിരെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ
സേവ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഫോറം നിയമ പോരാട്ടത്തിനൊപ്പം പ്രക്ഷോഭപാതയിലുമാണ്. ഓപ്പൺ സർവകലാശാല ആക്ടിലെ 47 ( 2 ), 72 വകുപ്പുകൾ റദ്ദാക്കുക, പ്രൈവറ്റ് വിദ്യാർത്ഥികളെ റഗുലർ സർവകലാശാലകളിൽ പഠിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കൂട്ടായ്മ ഭാരവാഹികൾ എന്നിവർ
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഭീമ ഹരജി നൽകിയിട്ടുമുണ്ട്.റഗുലർ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളിലുള്ള തിനേക്കാൾ മൂന്നിരട്ടി ഫീസാണ് ഓപ്പൺ സർവകലാശാലയിൽ. കോഴ്സ് പൂർത്തീകരിച്ചാൽ അസ്സൽ സർട്ടിഫിക്കറ്റിൽ ഓപ്പൺ എന്നും രേഖപ്പെടുത്തും. ഇതെല്ലാമാണ് പ്രതിഷേധത്തിന് കാരണം. കേരളത്തിൽ ഇത്തരമൊരു സാഹചര്യം നിലനിൽക്കെ വിദ്യാർത്ഥികളിൽ പലരും അയൽ സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ ബിരുദ – ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഓപ്പൺ സർവകലാശാലക്ക് കോഴ്സുകൾ നടത്താൻ യുജിസി അനുമതി നൽകിയതോടെയാണ് കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രതിസന്ധിയിലായത്. പ്ലസ്ടു സീറ്റ് ക്ഷാമത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും.