ബാലസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍
ഒഡീഷയിലെ ബാലസോറിലുണ്ടായ രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത മൃതദേഹങ്ങളില്‍ ചിലവ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 29 മൃതദേഹങ്ങള്‍ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഭുവനേശ്വറിലെ എയിംസാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി സിഎഫ്എസ്എല്ലില്‍ നിന്നും അവസാന ഡിഎന്‍എ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും എയിംസ് അറിയിക്കുന്നു.അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തീരുമാനമെടുക്കും. ജൂണ്‍ രണ്ടിന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 295 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിന്‍ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമറില്‍ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചത്.
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണിലെ ഖരഗ്പൂര്‍ റെയില്‍വേ ഡിവിഷനു കീഴിലുള്ള ഖരഗ്പൂര്‍പുരി പാതയില്‍ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം.