അഭയമായി ‘അഭയകിരണം’ പദ്ധതി; 42 പേർക്ക് 2.31 ലക്ഷം നൽകി
അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ‘അഭയ കിരണം’ ക്ഷേമപദ്ധതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം ആശ്വാസമേകിയത് 42 പേർക്ക്. 2.31 ലക്ഷം രൂപയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയതത്. സംസ്ഥാന സർക്കാർ വിധവകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട പദ്ധതിയാണ് ‘അഭയ കിരണം’. വിധവകൾക്ക് മാത്രമല്ല അവരെ സംരക്ഷിക്കുന്നവർക്ക് കൂടി കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 50 വയസിന് മുകളിൽ പ്രായമുളള വിധവകൾക്കും ബന്ധുകൾക്കും പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. ഓരോ വർഷവും അപേക്ഷ സമർപ്പിക്കണം. വിധവകളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. സംരക്ഷണം നൽകുന്ന ബന്ധുവിന്റെയും വിധവയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് വേണം. പ്രതിമാസം 1000 രൂപയാണ് അഭയ കിരണം പദ്ധതി വഴി നൽകി വരുന്നത്. 2017-18 സാമ്പത്തിക വർഷം മുതലാണ് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം:
അഭയകിരണം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 15ന് മുമ്പ് അപേക്ഷ സമ്മർപ്പിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാവൂ.