ഏഷ്യാ കപ്പ് സമ്മർദം മറികടക്കണം, തീയിൽ നടന്ന് ബംഗ്ലദേശ് ക്രിക്കറ്റ്താരം മുഹമ്മദ് നയീം!!

 

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള തയാറെടുപ്പിലാണ് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ യുവതാരം മുഹമ്മദ് നയീമും കളിക്കുന്നുണ്ട്. 23 വയസ്സു
മാത്രം പ്രായമുള്ള ഓപ്പണിങ് ബാറ്റർ ഇപ്പോഴൊരു മൈൻഡ് ട്രെയിനറെ കൂടി പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഏഷ്യാ കപ്പിലെ കടുത്ത സമ്മർദങ്ങളെ മറികടക്കുക ലക്ഷ്യമിട്ട് മാനസികമായി കരുത്താർജിക്കാനാണു താരത്തിന്റെ ശ്രമം.

ഇതിനായി തീയിൽ കൂടി നടക്കുന്നതടക്കമുള്ള രീതികളാണു താരം പരീക്ഷിക്കുന്നത്. ട്രെയിനറുടെ നിർദേശ പ്രകാരം ബുദ്ധിമുട്ടുകൾ ഇല്ലാതെയാണ് താരം തീക്കനലിലൂടെ നടക്കുന്നത്. ബംഗ്ലദേശിനായി നാല് ഏകദിന മത്സരങ്ങളാണ് മുഹമ്മദ് നയീം കളിച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ നിന്നു നേടിയത് 10 റൺസ് മാത്രം.