ടിക് ടോക്കില്‍ വൈറലായ ‘എഗ് ക്രാക്ക് ചലഞ്ച്’ ഏറ്റെടുത്ത് ട്വിറ്റര്‍ ഉപയോക്താക്കളും
ദൈനംദിന ജീവിതത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ ലോകമെങ്ങും വ്യാപകമായ നിരവധി ചലഞ്ചുകളും സൃഷ്ടിക്കപ്പെട്ടു. അസാധാരണമെന്ന് തോന്നുന്ന പല ചലഞ്ചുകളും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടിയില്‍ വ്യാപകമായിരുന്നു. പ്രായ ലിംഗ ഭേദമന്യേ ഇത്തരം ചലഞ്ചുകള്‍ ലോകമെങ്ങും ആഘോഷിക്കപ്പെട്ടതും നമ്മള്‍ കണ്ടതാണ്. അടുത്തകാലത്തായി ഇത്തരത്തിലൊരു ചലഞ്ച് ടിക് ടോക്കില്‍ വൈറലായി. ‘എഗ് ക്രാക്ക് ചലഞ്ച്’ എന്നാണ് പുതിയ ചലഞ്ചിന്‍റെ പേര്. വൈറലായ ഈ ഹാഷ്ടാഗില്‍ ഇതിനകം 3 കോടിയിലധികം പേരാണ് ദൃശ്യങ്ങള്‍ കണ്ടത്.
ഇത്തരം ചലഞ്ചുകള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും സാമൂഹിക മാധ്യമങ്ങളിലെ പല ചലഞ്ചുകളും ടോക്സിക്കുകളാണെന്നും ചിലര്‍ ആരോപിച്ചു.
മാതാപിതാക്കൾ കുട്ടികളുമായി പാചകം ചെയ്യുന്നതോ ബേക്കിംഗ് ചെയ്യുന്നതോ ആയ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് ഈ ഹാഷ്ടാഗില്‍ ഉള്ളത്. എന്നാല്‍, ഇതിന്‍റെ പ്രധാന ഭാഗമെന്താണെന്നാല്‍, പാചകത്തിനിടെ പാത്രത്തിന്‍റെ വക്കില്‍ തട്ടി മുട്ട പൊട്ടിക്കുന്നതിന് പകരം മാതാപിതാക്കള്‍ തങ്ങളുടെ സമീപത്ത് നില്‍ക്കുന്ന കുട്ടിയുടെ നെറ്റിയില്‍ ഇടിച്ച് മുട്ട പൊട്ടിക്കണം. ഇതാണ് ചലഞ്ച്. വീഡിയോകളില്‍ മാതാപിതാക്കളിലാരെങ്കിലുമൊരാള്‍ കുട്ടികളുടെ നെറ്റിയില്‍ ഇടിച്ച് മുട്ട പൊട്ടിക്കുന്നു. ഇത്രയും കാര്യങ്ങള്‍ എല്ലാ വീഡിയോയിലും ഒരു പോലെയാണ്. എന്നാല്‍ അതിന് ശേഷം കുട്ടികളുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ചിലര്‍ ചിരിക്കുമ്പോള്‍, മറ്റ് ചിലര്‍ കരച്ചിലിന്‍റെ വക്കോളമെത്തുന്നു. വേറെ ചില കുട്ടികള്‍ പിണങ്ങിപ്പോകുന്നു. ചിലര്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ അന്തിച്ച് നോക്കുന്നതും മറ്റും വീഡിയോയില്‍ കാണാം. കുട്ടികളുടെ ഈ നിഷ്ക്കളങ്കമായ ഭാവമാണ് ചലഞ്ചിലെ ഏറ്റവും രസകരമായ സംഗതിയും. ടിക് ടോക്കില്‍ വൈറലായ ഈ ചലഞ്ച് ഇപ്പോള്‍ ട്വിറ്ററിലും വ്യാപകമായി.