റെഡ് സിഗ്‌നല്‍ മറികടന്നാലും ഇനി ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും

റെഡ് സിഗ്‌നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസൻസിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്.

എന്നാൽ കാമറയിലൂടെ പിടികൂടുന്ന കേസുകൾ കോടതികളാണ് പരിഗണിക്കുന്നത്. ഇവയ്ക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകും. 2017-ലെ ചട്ടപ്രകാരമാണിത്.

അലക്ഷ്യമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ എന്നിവയ്ക്കാണ് പൊതുവേ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാൽ റെഡ് സിഗ്‌നല്‍ ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങിനും ഇനി ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളില്‍ പരിശോധനയ്ക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ ക്യാമറയിലും മൊബൈലിലും പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ നടപടിയെടുക്കുന്നത്.