സോളാർ മോഡ്യൂൾ ഫാക്ടറിയുടെ ആദ്യഘട്ടം മാർച്ചിൽ

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി, പതിനേഴ് ലക്ഷം കോടിയിലധികം വിപണി മൂലധനമുള്ള രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നത് മുകേഷ് അംബാനിയാണ്. ഈ അടുത്ത് മുകേഷ് അംബാനി ഹരിത ഊർജ സ്രോതസ്സുകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അതിൽ നിന്ന് രാജ്യത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു. തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് 2021-ൽ ന്യൂ എനർജി ബിസിനസിൽ 75,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തു. ജാംനഗറിൽ 5,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്സും റിലയൻസ് നിർ മ്മിക്കുന്നുണ്ട്. ഈ സമുച്ചയത്തിൽ ഒരു സോളാർ ഫോട്ടോവോൾട്ടെയ്ക് ജിഗാ ഫാക്ടറിയും ഉൾപ്പെടും. റിലയൻസ് ഇൻഡസ്ട്രീസ് 20 ജിഗാ വാട്ട് സോളാർ ഫോട്ടോവോൾട്ടെയ്ക് ജിഗാ ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു, പദ്ധതിയുടെ ആദ്യ ഘട്ടം 2024 മാർച്ചോടെ കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

നാല് ഘട്ടങ്ങളിലായി ആയിരിക്കും ഇത് കമ്മീഷൻ ചെയ്യുക. ആദ്യ ഘട്ടം 5 ജിഗാ വാട്ട് ആയി കമ്മീഷൻ ചെയ്ത ശേഷം, ഇത് 10 ജിഗാ വാട്ട് ആയും പിന്നീട് 2026 ഓടെ 20 ജിഗാ വാട്ട് ആയും ഉയർത്തും. റിലയൻസ് ഇൻഡസ്ട്രീസ് ജാംനഗർ സോളാർ ഫാക്ടറി ആർഇസി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആർഇസി സാങ്കേതികവിദ്യ ലഭിക്കാനായി മുകേഷ് അംബാനി 2021-ൽ നോർവേ ആസ്ഥാനമായ ആർഇസി സോളാറിന്റെ 100% ഓഹരി 5800 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഹരിത ഹൈഡ്രജൻ പദ്ധതിക്കായി 40 വർഷത്തെ പാട്ടത്തിന് ഗുജറാത്തിൽ 74,750 ഹെക്ടർ ഭൂമി ഏറ്റെടുത്തിരുന്നു.

ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ, മുഴുവൻ ഗ്രീൻ എനർജി ശൃംഖലയെയും ബന്ധിപ്പിക്കുന്നതിനും താങ്ങാനാവുന്ന പവർ ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി പവർ ഇലക്ട്രോണിക്‌സിനായി ഒരു ജിഗാ ഫാക്ടറിയും റിലയൻസ് നിർമ്മിക്കുന്നു.