ഏഷ്യാകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ താരങ്ങളുടെ കായികക്ഷമതാ പരിശോധന പൂർത്തിയായി.

ഏഷ്യാകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ താരങ്ങളുടെ കായികക്ഷമതാ പരിശോധന പൂർത്തിയായി. നിർബന്ധിത യോ-യോ ടെസ്റ്റിന്റെ സ്കോർ പുറത്തുവന്നപ്പോൾ വിരാട് കോലി ഒന്നാമതെത്തുമെന്ന് കരുതിയവർക്ക് തെറ്റി. കാരണം യോ-യോ ടെസ്റ്റിൽ മുൻ ഇന്ത്യൻ നായകനെ കടത്തിവെട്ടിയിരിക്കുകയാണ് മറ്റൊരു യുവ താരം.

16.5 ആണ് ഇന്ത്യൻ താരങ്ങൾക്ക് ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിക്കാനുള്ള സ്‌കോർ. ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് പ്ലെയർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലി ടെസ്റ്റിൽ 17.2 സ്കോറാണ് നേടിയത്. സോഷ്യൽ മീഡിയയിലൂടെ താരം ഈ സ്‌കോർ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ യോ-യോ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത് യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലാണ്. 18.7 സ്‌കോറാണ് താരം നേടിയിരിക്കുന്നത്.

യോ-യോ ടെസ്റ്റിൽ ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങളും മികച്ച സ്കോർ നേടിയപ്പോൾ അഞ്ച് താരങ്ങൾ ടെസ്റ്റിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ജസ്പ്രീത് ബുംറ, പ്രശാം കൃഷ്ണ, തിലക് വർമ, സഞ്ജു സാംസൺ കെ.എൽ രാഹുൽ എന്നിവർ ടെസ്റ്റിൽ പങ്കെടുത്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ രാഹുൽ ഇപ്പോഴും പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല.

അതിനാലാണ് യോ-യോ ടെസ്റ്റിൽ നിന്ന് താരത്തെ ഒഴിവാക്കാൻ ടീം മാനേജ്‌മെന്റും ഫിസിയോകളും തീരുമാനിച്ചത്. അയർലൻഡ് പരമ്പരയിൽ നിന്ന് മടങ്ങിയെത്തിയതിനാൽ ബുംറ, തിലക്, കൃഷ്ണ, സാംസൺ എന്നിവർക്ക് ടെസ്റ്റ് എടുക്കേണ്ടതില്ല.