ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ മലയാളിത്തിളക്കം; 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്.
ഇന്ത്യ ആദ്യമയിയാണ് ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടന്‍ വെങ്കലവും സ്വന്തമാക്കി. 2.59.34 മിനുറ്റില്‍ ഫിനിഷ് ചെയ്ത ജമൈക്കയാണ് നാലാമത്.
ടീമിലെ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്‍മല്‍ എന്നിവർ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം.
അതേസമയം പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.17 മീറ്റർ ദൂരവുമായി ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം സ്വന്തമാക്കി. മെഡല്‍ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡിട്ടു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. ഒറിഗോണില്‍ നടന്ന കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.