ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.
കാന്‍ഡി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം. രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാടും, എങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന പാക് ഭീഷണിയും മൂലം അനിശ്ചിതത്വത്തിലായ മത്സരം മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശ്രീലങ്കയിലേക്ക് പറിച്ച് നടത്തത്. ഇതോടെ പതിവിലും വീറും വാശിയുമുണ്ട് ഇന്നത്തെ കളിക്ക്.
ജയിച്ച് തുടങ്ങാന്‍ ഇന്ത്യയിറങ്ങുമ്പോള്‍, സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുകയാണ് പാക് ലക്ഷ്യം. വമ്പന്‍ താരങ്ങളാല്‍ സമ്പന്നമാണ് ഇരുടീമുകളും. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയുടെ കരുത്ത് വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരിലാണ്. ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ പാക് ടീമില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രീദി, നസീം ഷാ തുടങ്ങി മാച്ച് വിന്നര്‍മാരായ നിരവധി പേരുണ്ട്. നേപ്പാളിനെതിരെ 238 റണ്‍സിന്റെ വമ്പന്‍ ജയം നേടാനായതും പാകിസ്ഥാന്റെ ആത്മവിശ്വാസം കൂട്ടും.
ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടങ്ങളുടെ കണക്കിലേക്ക് വന്നാല്‍. ആകെ 132 ഏകദിന മത്സരങ്ങളില്‍ ഏറ്റുമുട്ടി. പാകിസ്ഥാന്‍ 73 എണ്ണത്തില്‍ ജയിച്ചു. ഇന്ത്യ 55 എണ്ണത്തിലും. നാല് മത്സരങ്ങളില്‍ ഫലം കണ്ടില്ല. ഏഷ്യാകപ്പിലേക്ക് വന്നാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ആകെ 17 മത്സരങ്ങളില്‍ ഇന്ത്യ 9 എണ്ണത്തില്‍ ജയിച്ചു. പാകിസ്ഥാന്‍ ജയിച്ചത് ആറ് കളിയില്‍. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. കഴിഞ്ഞ ഏഷ്യാകപ്പില്‍ രണ്ട് മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ വന്നു. ഒരോ കളി വീതം ജയിച്ചു.