ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മുംബൈ: ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് 15 അംഗ ടീം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഏഷ്യാ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ ധാരണയായത്. പരിക്കുള്ള കെ എല്‍ രാഹുല്‍ 15 അംഗ ടീമിലുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏഷ്യാ കപ്പ് ടീമിലെ ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയ സഞ്ജുവിന് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള യുവതാരം തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ മറ്റ് രണ്ട് താരങ്ങള്‍. ഏകദിനത്തില്‍ അത്ര നല്ല റെക്കോര്‍ഡല്ലെങ്കിലും സൂര്യകുമാര്‍ യാദവും ലോകകപ്പ് ടീമിലുണ്ട്.

ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരാകുന്ന ടീമില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘവുമായി ചര്‍ച്ച ചെയ്തശേഷമാണ് രാഹുലിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.