കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം
കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം. 261 ദിവസം പിന്നിട്ട അനിശ്ചിതകാല സമരത്തിന് പിന്തുണയേകിയാണ് സത്യാഗ്രഹ സമരം. 2018ൽ നെയ്ത്ത് ഫാക്ടറി സർക്കാർക്കാർ ഏറ്റെടുക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതിന് കേരള നിയമസഭ 2012 ൽ പാസാക്കിയ ബില്ലിന് 2018ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു.എന്നാൽ 5 വർഷമായിട്ടും തുടർനടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 261 ദിവസമായി നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി എഐടിയുസി അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുന്നത്.
കോഴിക്കോടെ കോംട്രസ്റ്റ് ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രതിഷേധത്തിന് 15 വർഷത്തെ പഴക്കമുണ്ട്. 2009 ലാണ് സ്ഥാപനത്തിന് പൂട്ടുവീണത്. നഷ്ടക്കണക്ക് നിരത്തിയായിരുന്നു തീരുമാനം. ഇതോടെ തൊഴിലാളികൾ പെരുവഴിയിലായി. അന്ന് തുടങ്ങിയ സമരം തൊഴിലാളികൾ ഇന്നും തുടരുകയാണ്. കെട്ടിടം തകർന്നു തുടങ്ങിയിട്ടുണ്ട്.ഉപയോഗിക്കാതെ വച്ച അമൂല്യങ്ങളായ നെയ്ത്തുപകരണങ്ങൾ ഭൂരിഭാഗവും നാശത്തിന്റെ വക്കിലാണ്.