ലഖ്‌നൗ: വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു.
ആഗസ്റ്റ് 30ന് സരയൂ എക്‌സ്‌പ്രസിന്‍റെ കമ്പാർട്ട്‌മെന്‍റിലാണ് മുഖത്തും തലയിലും പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വനിതാ കോൺസ്റ്റബിളിനെ കണ്ടെത്തിയത്. യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേ ദിവസം തന്നെ യുവതിയുടെ സഹോദരൻ പരാതി നല്‍കി. ആരാണ് വനിതാ പൊലീസിനെ ആക്രമിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയ്‌ക്കൊപ്പം ഞായറാഴ്ച വൈകുന്നേരം വസതിയിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ വാദം കേട്ടത്. ആര്‍പിഎഫ് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. സെപ്തംബര്‍ 13നകം കേസ് അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രത്തിനും റെയിൽവേ മന്ത്രാലയത്തിനും ആർപിഎഫ് ഡയറക്ടർ ജനറലിനും ഉത്തർപ്രദേശ് സർക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന വനിതാ കമ്മീഷനും കോടതി നോട്ടീസ് അയച്ചു.
“പ്രയാഗ്‌രാജ് സ്വദേശിയായ 47കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിള്‍ സുല്‍ത്താന്‍പൂരിലാണ് ജോലി ചെയ്തിരുന്നത്. അവര്‍ സാവൻ മേള ഡ്യൂട്ടിക്കായി സുൽത്താൻപൂരിൽ നിന്ന് അയോധ്യയിലേക്ക് വരികയായിരുന്നു. അയോധ്യയിൽ ഇറങ്ങേണ്ടതായിരുന്നു. പക്ഷെ ട്രെയിനിൽ ഉറങ്ങിപ്പോയതിനാൽ മനക്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അയോധ്യയ്ക്കും മനക്പൂരിനും ഇടയിലാണ് സംഭവം നടന്നത്”- അന്വേഷണ ചുമതലയുള്ള ഓഫീസര്‍ പൂജ യാദവ് പറഞ്ഞു.
പരിക്കേറ്റ കോണ്‍സ്റ്റബിള്‍ ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയില്‍ (കെജിഎംയു) ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. കോണ്‍സ്റ്റബിളിനെ ആരാണ് ആക്രമിച്ചതെന്നും എന്താണ് ആക്രമത്തിന് കാരണമെന്നും വ്യക്തമല്ല.