ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം
ലാഹോര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് കളി. ഇന്ത്യയും ശ്രീലങ്കയുമാണ് സൂപ്പര്‍ ഫോറിലെത്തിയ മറ്റ് ടീമുകള്‍. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഈമാസം പതിനേഴിന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അതായത് ഇന്നേക്ക് അഞ്ചാം ദിവസം. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തിയത്. ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്കയാണ് സൂപ്പര്‍ ഫോറിലെത്തിയ മറ്റൊരു ടീം. ഇരുവരോടും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇന്നലെ നിര്‍ണായക മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടി. 84 പന്തില്‍ 92 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ടോപ് സ്‌കോറര്‍. പതും നിസ്സങ്ക (41), ദുനിത് വെല്ലാലഗെ (33), ദിമുത് കരുണാരത്‌നെ (32), മതീഷ തീക്ഷണ (28) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍.
മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 37.4 ഓവറില്‍ 289ന് എല്ലാവരും പുറത്താവുകയായിരുന്നു. മുഹമ്മദ് നബി (65), ഹഷ്മതുള്ള ഷഹീദി (59), റഹ്മത് ഷാ (45) എന്നിവര്‍ തിളങ്ങിയെങ്കിലും അഫ്ഗാന് യോഗ്യത ഉറപ്പിക്കാനായില്ല. എന്നാല്‍ യോഗ്യതാ മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും അഫ്ഗാനെ ചതിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സിന്റെ വിജയലക്ഷ്യം 37.1 ഓവറില്‍ മറികടന്നാല്‍ മാത്രമേ അഫ്ഗാന്് സൂപ്പര്‍ ഫോറിലെത്താനാവൂവെന്നാണ് എല്ലാവരും കരുതിയത്.
അഫ്ഗാന്‍ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഇതുതന്നെയാണ് കരുതിയത്. 37.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നില്ലെങ്കിലും 37.4 ഓവറില്‍ 295 റണ്‍സ് നേടി വിജയിച്ചിരുന്നുവെങ്കില്‍ ശ്രീലങ്കയുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ അഫ്ഗാന് കഴിയുമായിരുന്നു. അതുമല്ല, മത്സരം 38.1 ഓവരെ നീട്ടികൊണ്ട് 297 റണ്‍സ് നേടി വിജയിച്ചാലും അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെത്തുമായിരുന്നു.