ഏഷ്യാ കപ്പ്; സൂപ്പര്‍ഫോറില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. വൈകിട്ട് മൂന്ന് മണി മുതല്‍ കൊളംബോയിലാണ് മത്സരം. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് മാറ്റത്തിന് സാധ്യതയുണ്ട്. അതേസമയം, ബംഗ്ലാദേശ് ആശ്വാസജയം തേടിയാണ് ഇറങ്ങുന്നത്. അപ്രസക്തമെങ്കിലും കൊളംബോയില്‍ ആവേശപ്പോര് കാണാം ആരാധകര്‍ക്ക്. പാകിസ്ഥാനെയും ശ്രീലങ്കയേയും തകര്‍ത്ത രോഹിത് ശര്‍മ്മയ്ക്കും കൂട്ടര്‍ക്കും ഞായറാഴ്ചത്തെ ഫൈനലിന് ഒരുങ്ങാനുള്ള അവസരമാണ്.
ടീമില്‍ മാറ്റങ്ങള്‍ ഉറപ്പ്. ലോകകപ്പ് മുന്നില്‍ കണ്ട് സൂര്യകുമാര്‍ യാദവിന് ഒരവസരം കൊടുത്തേക്കും. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷനായിരിക്കും പുറത്തിരിക്കുക. ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിക്കും. പകരം ഷാര്‍ദുല്‍ താക്കൂര്‍ തിരിച്ചെത്തും. പേസര്‍ മുഹമ്മദ് ഷമിയും തിരിച്ചെത്തും. മുഹമ്മദ് സിറാജിന് വിശ്രമം ലഭിച്ചേക്കും. തിലക് വര്‍മ്മയുടെ ഏകദിന അരങ്ങേറ്റ സാധ്യത കുറവാണ്. കാരണം, ലോകകപ്പ് ടീമില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതുകൊണ്ടുതന്നെ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും കളിക്കാന്‍ അവസരം ലഭിക്കില്ല. പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ക്ക് കൂടുതല്‍ ദിവസം വിശ്രമം വേണ്ടിവരുന്നതിനാല്‍ പുറത്തിരിക്കും. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഇന്നും കളിക്കും.
സൂപ്പര്‍ഫോറില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ലോകകപ്പിനൊരുങ്ങുന്ന ടീമിന് ആത്മവിശ്വാസം നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ മുഷ്ഫിക്കര്‍ റഹീം ഇല്ലാതെയാകും ബംഗ്ലാദേശ് ഇറങ്ങുക.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ / സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ / ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര.