ലോകകപ്പിന് മുമ്പ് ഏഷ്യയുടെ രാജാക്കന്മാരെ ഇന്നറിയാം; ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

കൊളംബോ: ലോകകപ്പിന് മുമ്പ് ഏഷ്യയുടെ രാജാക്കന്മാരെ ഇന്നറിയാം. ഏഷ്യാ കപ്പിന്‍റെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊളംബോയിലാണ് മത്സരം. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം. ഹോട് സ്റ്റാറില്‍ സബ്സ്ക്രിപ്ഷന്‍ ഇല്ലാതെ മത്സരം സൗജന്യമായി കാണാനാവും.

മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. ഇന്ന് കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പ്രവചനം. ഫൈനലിന് റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളെ മത്സരം പൂര്‍ത്തിയാക്കും. നാളെയും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

നിലവിലെ ജേതാക്കളായ ശ്രീലങ്ക ഹോം ഗ്രൗണ്ടില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ലങ്കക്കായിരുന്നു. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങുന്നത്. എന്നാല്‍ ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.

സൂപ്പര്‍ ഫോറിൽ പാകിസ്ഥാനെയും ശ്രീലങ്കയേയും തോൽപ്പിച്ച ഇന്ത്യ, പകരക്കാരെ ഇറക്കി കളിച്ച കളിയിൽ ബംഗ്ലാദേശിനോട് തോറ്റു. ബംഗ്ലാദേശിനെതിരെ വിശ്രമം അനുവദിച്ച വിരാട് കോലി, ഹര്‍ദിക് പണ്ഡ്യ, ജസ്പ്രിത് ബുമ്ര മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തും. പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം അടിയന്തരമായി വിളച്ചുവരുത്തിയ വാഷിംഗ്ടണ്‍ സുന്ദറിനും ആദ്യ ഇലവനിൽ ഇടമുണ്ടാകും.

പാകിസ്ഥാനെതിരെ ആവേശപ്പോര് ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. പന്ത് കൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യ വിറപ്പിച്ച ദുനിത വെല്ലലാഗെ തന്നെയാണ് ആതിഥേയരുടെ ഇന്നത്തെയും തുറപ്പുചീട്ട്. കുശാൽ മെന്‍ഡിസിന്‍റെയും, സദീര സമരവിക്രമയുടേയും വെടിക്കെട്ട് ബാറ്റിംഗും കരുത്താകും. അതിനിടെ സ്റ്റാര്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയ്ക്ക് പരിക്കേറ്റത് ലങ്കക്ക് കനത്ത തിരിച്ചടിയാണ്. ഒന്പതാം തവണയാണ് ഏഷ്യാകപ്പിന്‍റെ ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര്‍ വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോൾ മൂന്ന് തവണ ജയം ശ്രീലങ്കക്കൊപ്പമായിരുന്നു.