ബോട്ടുകളുടെ ക്രമക്കേട് കണ്ടെത്താന്‍ പരിശോധന; 11 ഹൗസ് ബോട്ടുകള്‍ക്ക് പിഴ
ആലപ്പുഴ: ആലപ്പുഴയില്‍ അനധികൃതമായി സർവിസ് നടത്തിയ ഒരു മോട്ടോർ ബോട്ട് പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ 11 ഹൗസ് ബോട്ടുകളുടെ ഉടമകൾക്ക് 1,10,000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി. രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത മോട്ടോർബോട്ട് തുറമുഖ വകുപ്പിന്റെ ആര്യാട് യാർഡിലേക്ക് മാറ്റി. ഇവക്ക് സ്റ്റോപ് മെമ്മോ നൽകി.
തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് വേമ്പനാട്ട് കായലിൽ ചുങ്കം, പള്ളാത്തുരുത്തി, വിളക്കുമരം, മീനപ്പള്ളി ബോട്ട് ടെർമിനൽ ഭാഗത്ത് തിങ്കളാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് നാലു മണി വരെയായിരുന്നു പരിശോധന. 11 ഹൗസ് ബോട്ട്, രണ്ട് മോട്ടോർ ബോട്ട്, രണ്ട് സ്പീഡ് ബോട്ട് എന്നിവയാണ് പരിശോധിച്ചത്. ഭാഗികമായി ക്രമക്കേടുകൾ കണ്ടെത്തിയ 11 ബോട്ടുകളുടെ ഉടമകൾക്കാണ് പിഴചുമത്തിയത്. പരിശോധനയിൽ മൂന്ന് ബോട്ടുകളുടെ എല്ലാരേഖകളും കൃത്യമായിരുന്നു. സ്പീഡ് ബോട്ട് അശ്രദ്ധയോടെ ഓടിച്ച് ചെറുവള്ളങ്ങൾക്ക് അപകടം ഉണ്ടാക്കരുതെന്ന് കർശന നിർദേശവും നൽകി.