സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഈ വർഷം ഇതുവരെ ആകെ 170 പേരാണ് പനി ബാധിച്‌ മരിച്ചത്

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്.

അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്.ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം, നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടി മരുതോങ്കരയിൽ നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.

കഴിഞ്ഞ ദിവസം ഈന്ത്, അടക്ക എന്നിവയും പരിശോധനക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നെത്തിയ വിദഗ്ധ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ല മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നിരുന്നു.