തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കുള്ള പാലും ബ്രെഡും വിതരണം നിർത്തി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കുള്ള പാലും ബ്രെഡും വിതരണം നിർത്തി. 15 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് പാൽ വിതരണം മിൽമ നിർത്തിവച്ചത്. പിന്നാലെ പ്രതിഷേധ സൂചകമായി കോൺഗ്രസ് രോഗികൾക്ക് പാലും ബ്രെഡും വിതരണം ചെയ്തു. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നാണ് സർക്കാർ വിശദീകരണം.
മെഡിക്കൽ കോളേജ് ആശുപത്രികളിൽ കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് ദിവസവും അര ലിറ്റർ പാലും അഞ്ച് പീസ്
ബ്രെഡുമാണ് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ കഴിഞ്ഞ കുറെക്കാലങ്ങളായി വിതരണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു.
ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം പൂർണമായും നിലച്ചു. ആദ്യം ബ്രെഡ് വിതരണം നിർത്തി. ഇപ്പോൾ പാലും. മെയ് മുതലുള്ള കുടിശ്ശിക ഇനത്തിൽ 15 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് മിൽമ അറിയിക്കുന്നത്. ബ്രെഡ് വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് 50 ലക്ഷം നൽകാനുണ്ട്. ഏറെ ആശ്വാസമായിരുന്ന വിതരണം നിലച്ചത് നിർധനരായ രോഗികൾക്ക് തിരിച്ചടിയായി.
സന്നദ്ധസംഘടനകൾ വിതരണം ചെയ്യുന്ന പൊതിച്ചോറ് മാത്രമാണ് ഇപ്പോൾ ആശ്രയം. പാലും ബ്രെഡും വിതരണം ചെയ്താണ് കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധിച്ചത്. പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ മറ്റ് ആശുപത്രികളും വിതരണം തടസ്സപ്പടും. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് ഫയൽ കൈമാറിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. തുക ഉടൻ കിട്ടുമെന്നും കുടിശ്ശിക തീർക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.