കാനഡയിൽ ഖലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു

ഖാലിസ്ഥാൻ ഭീകരനെ കാനഡയിൽ വെടിവച്ചു കൊന്നു. ഖാലിസ്ഥാൻ ഭീകരനും ഗുണ്ടാനേതാവുമായ ‘സുഖ് ദൂനെകെ’ എന്ന സുഖ്ദൂൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലാണ് മറ്റൊരു കൊലപാതകം. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൂട്ടാളിയാണ് സുഖ്ദൂൽ സിംഗ്. പഞ്ചാബിലെ മോഗ സ്വദേശിയാണ്.

17 കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുള്ളത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ 2017ൽ കാനഡയിലേക്ക് രക്ഷപ്പെട്ടു. വ്യാജരേഖകൾ ഉപയോഗിച്ച് നേപ്പാൾ വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. നേരത്തെ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു.

തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യേഗസ്ഥരെ പുറത്താക്കി. ഇതോടൊപ്പം ഇരു രാജ്യങ്ങളും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.