ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ബൈത്തുൽ റഹ്മയിൽ കെ.ടി. ജാഫറിന്‍റെ മകൻ കെ.ടി. ജിൻഷാദ് (16) ആണ് മരിച്ചത്. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് മാത്തോട്ടം ഖബറിസ്ഥാൻ മസ്ജിദിൽ നടക്കും. ഞ്ചന്ത ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് ജിൻഷാദ്.

കഴിഞ്ഞ 22-ാം തീയതി രാവിലെ ഒമ്പതരയോടെ അരക്കിണർ റെയിൽവെ ലൈൻ റോഡിലായിരുന്നു ജിൻഷാദിന്‍റെ ജീവനെടുത്ത അപകടം. പിതാവ് ജാഫറിനൊപ്പം യാത്ര ചെയ്യവെ ഇവർ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിൻഷാദ് റോഡിലേക്ക് തലയിടിച്ച് വീണു. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഷെറീജയാണ് മാതാവ്. സഹോദരങ്ങൾ : ജൂറൈദ്, ജസീം, ജാമിസ്.

അതിനിടെ ചാവക്കാട് ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാലക്കാട് പെരിങ്ങോട് ശങ്കർ നിവാസിൽ 40 വയസ്സുള്ള ബിനുവാണ് മരിച്ചത്. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ഈ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിനു ടിപ്പർ ലോറിക്കടിയിലേക്ക് വീണത്. ബിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻവശത്തെ ടയർ കയറിയിറങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ബിനുവിനെ ചാവക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.